കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റിനെ കൂറുമാറ്റ നിയമപ്രകാരം അയോഗ്യയാക്കി

മുണ്ടക്കയം: കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ രാജുവിനെ കൂറുമാറ്റ നിയമപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യയാക്കി.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ച വിജയമ്മ പിന്നീട് പാര്‍ട്ടി തീരുമാനങ്ങള്‍ക്ക് എതിരായി കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ച് യുഡിഎഫിന്റെ പഞ്ചായത്തു പ്രസിഡന്റാവുകയായിരുന്നു. ഇതിനെതിരേ സിപിഐ ലോക്കല്‍ സെക്രട്ടറി എന്‍.ടി. യശോധരന്‍ അഡ്വ. വഴുതക്കാട് നരേന്ദ്രന്‍ മുഖേനെ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ശശിധരന്‍നായര്‍ വിധി പ്രസ്താവിച്ചത്. അയോഗ്യയായതോടെ പ്രസിഡന്റു സ്ഥാനവും പഞ്ചായത്ത് അംഗത്വവും നഷ്ടപ്പെട്ടു. ആറു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും കഴിയില്ല.

2010 ല്‍ പനക്കച്ചിറ വാര്‍ഡില്‍നിന്ന് സിപിഐ സ്ഥാനാര്‍ഥിയായാണ് വിജയമ്മ രാജു മത്സരിച്ച് വിജയിച്ചത്. പട്ടികജാതി വനിത പ്രസിഡന്റു സ്ഥാനം സംവരണം ചെയ്ത കോരുത്തോട്ടില്‍ ഭൂരിപക്ഷം യുഡിഎഫിന് ലഭിച്ചിട്ടും പട്ടികജാതി വനിത അംഗം ഇല്ലാത്തതിനാല്‍ യുഡിഎഫ് അനുകൂല നിലപാട് സ്വീകരിച്ച് പ്രസിഡന്റാവുകയായിരുന്നു. പ്രസിഡന്റു തെരഞ്ഞെടുപ്പില്‍ ഇവര്‍ക്കെതിരേ മത്സരിച്ച സിപിഎമ്മിലെ പി.കെ. സീതമ്മയ്ക്കെതിരേ രണ്ട് വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍, വിജയമ്മ വോട്ടു രേഖപ്പെടുത്തിയത് സീതമ്മയ്ക്കായിരുന്നു. ഇതോടെ കൂറുമാറ്റ നിരോധന നിയമം തന്നെ ബാധിക്കല്ലെന്നായിരുന്നു കരുതിയിരുന്നത്.

എന്നാല്‍, വിജയമ്മ തങ്ങളെ വഞ്ചിച്ചെന്നും സിപിഐയിലെ ഏക അംഗം കൂറുമാറി കോണ്‍ഗ്രസില്‍ ചേര്‍ന്നെന്നും ഇവരെ അയോഗ്യയാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

വിധിയുടെ പകര്‍പ്പ് ലഭിച്ചാലുടന്‍ ഡിസിസി നേതൃത്വവുമായി ആലോചിച്ച് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.ടി. അയൂബ്ഖാന്‍ പറഞ്ഞു.