കോരുത്തോട് മതമ്പ ഭാഗത്ത് പകൽ സമയത്തും കാട്ടാന ശല്യം; പ്രദേശവാസികൾ ഭീതിയിൽ


കോരുത്തോട് : മലയോര മേഖലയായ കോരുത്തോട് പഞ്ചായത്തിലെ കൊമ്പുകുത്തി ചെന്നാപ്പാറ മതമ്പ ഭാഗത്ത് കഴിഞ്ഞ ദിവസം കാട്ടാനകൂട്ടം നാട്ടിലിറങ്ങി കൃഷികൾ നശിപ്പിച്ചു. ടി.ആർ. ആൻഡ് ടി എസ്റ്റേറ്റിലാണ് കാട്ടാനകളെ കൂട്ടമായി കണ്ടത്.

കോരുത്തോട് പഞ്ചായത്തിന്റെ പല പ്രദേശങ്ങളിലും രാത്രി സമയങ്ങളിലാണ് ആനകളുടെ ശല്യം ഉണ്ടാകുന്നത്. എന്നാൽ മതമ്പ എസ്റ്റേറ്റ് മേഖലകളിൽ പകൽ സമയങ്ങളിലും ആനകൾ ഇറങ്ങുകയാണ്. വനാതിർത്തി പ്രദേശങ്ങളിലാണ് മുൻപ് ആനകളുടെ ശല്യം ഉണ്ടായത്. എന്നാൽ ഇപ്പോൾ സ്വകാര്യ എസ്റ്റേറ്റ് പ്രദേശത്തേക്കും ആനകൾ ഇറങ്ങിത്തുടങ്ങിയതോടെ നാടാകെ പരിഭ്രാന്തിയിലാണ്.

ശബരിമല വനത്തിന്റെ അതിർത്തി പങ്കിടുന്ന മറ്റ് പ്രദേശങ്ങളിൽ എല്ലാ സോളർ വേലികൾ ഉണ്ട്. എന്നാൽ മതമ്പ ചെന്നാപ്പാറ മേഖലകളിൽ സോളർ വേലികൾ നശിച്ച നിലയിലാണ്. ഇതോടെ ആനകൾ കൂട്ടമായി നാട്ടിലേക്ക് ഇറങ്ങുകയാണ് പതിവ്. റബർ തോട്ടങ്ങളിലെ ടാപ്പിങ് തൊഴിലാളികൾ ഇതോടെ ഭീതിയിലായി.