കോരുത്തോട് മാലിന്യ പ്രശ്നം; ക്യാമറ സ്ഥാപിക്കണമെന്ന് ആവശ്യം ശക്തം

മുണ്ടക്കയം ∙ കോരുത്തോട് റൂട്ടിൽ വണ്ടൻപതാൽ ജംക്‌ഷൻ കഴിഞ്ഞ് തേക്കിൻകൂപ്പ് ആരംഭിക്കുമ്പോൾ മുതൽ വാഹനങ്ങളിൽ മൂക്കും പൊത്തി ഇരിക്കേണ്ട ഗതികേടിലാണു യാത്രക്കാർ. രാവിലെ വ്യായാമ സവാരിക്കിറങ്ങുന്നവർ പോലും ഇപ്പോൾ പാതിവഴിയിൽ തിരികെ പോകുകയാണു പതിവ്.

വണ്ടൻപതാൽ മുതൽ പനയ്ക്കച്ചിറ വരെയുള്ള പ്രദേശത്തു നാലു കിലോമീറ്റർ വിജനമായ സർക്കാർ വക തേക്കിൻകൂപ്പിൽ മാലിന്യം തള്ളൽ മുൻപത്തേതിലും ഏറെ കൂടിയിട്ടുണ്ട്. ഇടക്കാലംകൊണ്ട് ശല്യം അൽപം കുറവായിരുന്നെങ്കിലും ഇപ്പോൾ വീണ്ടും പ്രശ്നം പതിന്മടങ്ങു വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം കോഴിമാലിന്യം ചാക്കിൽകെട്ടി റോഡരികിൽ തള്ളുകയും വാഹനങ്ങൾ കയറി ചാക്ക് പൊട്ടി മാലിന്യം റോഡിലാകെ ചിതറുകയും ചെയ്തു. മാലിന്യം തള്ളുന്നതു വ്യാപകമാണെങ്കിലും അത്തരക്കാരെ പിടികൂടാൻ യാതൊരു വഴിയും ഇല്ലാത്തതിനാൽ ഇപ്പോൾ ദുർഗന്ധം തീരും വരെ മൂക്കുപൊത്തി യാത്രചെയ്യുക മാത്രമേ വഴിയുള്ളു.

പനയ്ക്കച്ചിറയിൽ നിന്നും വണ്ടൻപതാൽ പ്രദേശത്തു നിന്നും നിരവധി ആളുകളാണു രാവിലെ നടക്കാൻ തേക്കിൻ കൂപ്പിലൂടെ പോകുന്നത്. ഇവർക്കെല്ലാം ദുർഗന്ധം ദുരിതമായിരിക്കുകയാണ്. തേക്കിൻകൂപ്പിനുള്ളിലെ റോഡിൽ മൂന്നു കാനകളും വളവുകളും നിറഞ്ഞ സ്ഥലത്താണു മാലിന്യം തള്ളൽ കൂടുതൽ. പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവും കൂടുതലാണ്. കോരുത്തോട് പഞ്ചായത്തിൽപെടുന്ന ഇൗ പ്രദേശങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുകയോ രാത്രികാലങ്ങളിൽ എത്തുന്ന വാഹനങ്ങൾ പരിശോധിച്ച ശേഷം വണ്ടൻപതാൽ ചെക്ക് പോസ്റ്റിൽ നിന്നു കടത്തിവിടുകയോ ചെയ്താൽ പ്രശ്നത്തിന് പരിഹാരം കാണാനാകുമെന്നാണ് നാട്ടുകാർ പറയുന്നത്.