കോവിഡ്: ഉരുളികുന്നത്ത് ഗതാഗത നിയന്ത്രണം


പൊൻകുന്നം ∙ മുംബൈയിൽ നിന്ന് എത്തിയ ബാലികയ്ക്കു കോവിഡ് സ്ഥിരീകരിച്ച ഉരുളികുന്നത്തു ഗതാഗത നിയന്ത്രണം. ഉരുളികുന്നം ശ്രീകൃഷ്ണവിലാസം ഭജനമന്ദിരം ജംക്‌ഷൻ മുതൽ കുറ്റിപ്പൂവം വരെയുള്ള അര കിലോമീറ്റർ റോഡ് പൊലീസ് അടച്ചു. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ വീടിനു പുറത്തിറങ്ങരുതെന്നു പഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. പ്രദേശത്തു കടകൾ തുറന്നില്ല.

മേയ് 28നു മുംബൈയിൽ നിന്നു മടങ്ങിയെത്തിയ നാലംഗ കുടുംബത്തിലെ പന്ത്രണ്ടുകാരിക്കാണു കോവിഡ് സ്ഥിരീകരിച്ചത്. ഇവർ പൂർണമായും സമ്പർക്കമില്ലാതെ വീടിനുള്ളിൽ കഴിയുകയായിരുന്നതിനാൽ ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.കുടുംബവീട്ടിലെ അംഗങ്ങൾ മറ്റൊരിടത്തേക്കു താമസം മാറി. മുംബൈയിൽ നിന്ന് എത്തിയവരോടു ക്വാറന്റീനിൽ കഴിയാൻ നിർദേശിക്കുകയായിരുന്നു.