കോവിഡ്; കറൻസി നോട്ടുകൾ കൈമാറുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ടോ?


വ്യക്തികൾ തമ്മിലുള്ള സമ്പർക്കത്തിൽ കറൻസി നോട്ടുകൾ ഒരു പ്രധാന കണ്ണി തന്നെയാണ്. കൊറോണവൈറസ് കറൻസി നോട്ടുകളിൽ എത്ര സമയം തങ്ങി നിൽക്കും എന്നു പ്രത്യേക പഠനങ്ങൾ നടത്തിയിട്ടില്ല. നോട്ടുകൾ വൈറസ് വാഹികൾ ആകാനുള്ള സാധ്യത കേന്ദ്ര ധനവകുപ്പ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പണം കൈമാറ്റങ്ങൾക്ക് മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിലൂടെയുള്ള ആരോഗ്യ മെച്ചങ്ങൾ പൊതുജനങ്ങളെ അറിയിക്കണമെന്നു ബാങ്കുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. 

നോട്ടുകൾ കൈമാറുമ്പോൾ മാരകമായ രോഗപ്പകർച്ചയ്ക്കുള്ള സാധ്യത ലോകാരോഗ്യ സംഘടനയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കറൻസി കൈകാര്യം ചെയ്യുന്നവർ കൈകൾ അണുവിമുക്തമായി സൂക്ഷിക്കേണ്ടുന്നതിന്റെയും മുഖത്തു സ്പർശിക്കാതിരിക്കുന്നതിന്റെയും ആവശ്യകത കൂടുതൽ പ്രസക്തമാണ്. എന്നാൽ നോട്ടുകൾ പൂർണമായും വർജ്ജിക്കേണ്ടെന്നുന്ന തരത്തിൽ ഭയപ്പെടേണ്ടതില്ലെന്നു ലോകാരോഗ്യ സംഘടന കൂട്ടിചേർക്കുന്നു. 

ചൈനയിൽ വൈറസ് ബാധയുടെ പ്രഭവ കേന്ദ്രങ്ങളിൽ അണുബാധസാധ്യതയുള്ള നോട്ടുകൾ തിരിച്ചെടുത്ത് ചൂടാക്കിയോ അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ചോ ശുചീകരിക്കണമെന്ന് ബാങ്കുകൾക്ക് ചൈനീസ് സർക്കാർ നിർദ്ദേശം നൽകി. ആശുപത്രികൾ, മാർക്കറ്റുകൾ, പൊതു ഗതാഗത സംവിധാനങ്ങൾ തുടങ്ങിയവയിൽ എത്തുന്ന നോട്ടുകൾ വീണ്ടും വിതരണം നടത്താതെ ബാങ്കുകളിൽ തിരിച്ചടയ്ക്കണമെന്ന് പീപ്പിൾസ് ബാങ്ക് ഓഫ് ചൈന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ബാങ്കുകൾ ശുചിയാക്കിയ നോട്ടുകൾ പോലും രണ്ടാഴ്ചയിൽ കുറയാതെ സൂക്ഷിച്ച് വച്ചശേഷം മാത്രമേ വിപണിയിൽ പുറത്തിറക്കാവൂ എന്നും നിഷ്കർഷിക്കുകയുണ്ടായി. രോഗാണു വിമുക്തമാക്കിയ പുതിയ നോട്ടുകൾ വിതരണം ചെയ്യുന്നതിന് ബാങ്കുകൾക്കു കർശന നിർദേശം നൽകി. ഒരു പ്രവിശ്യയിൽനിന്ന് മറ്റൊരു പ്രവിശ്യയിലേയ്ക്ക് കറൻസി നോട്ടുകൾ കൊണ്ടുപോകുന്നതിന് വിലക്കും ഏർപ്പെടുത്തി. ചൈനയുടെ കേന്ദ്ര ബാങ്ക് പുതിയ നോട്ടുകൾ വിതരണം ചെയ്യുന്നതിന് പ്രത്യേക പദ്ധതി തന്നെ നടപ്പിലാക്കി. ഇതോടൊപ്പം മൊബൈൽ ഫോണുകളിൽ ഉൾപ്പെടെ ഡിജിറ്റൽ പണം കൈമാറ്റ സംവിധാനങ്ങൾ ഓൺലൈൻ ഷോപ്പിങ് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രചാരണ പരിപാടികളും ശക്തമാക്കി. 

എ.ടി.എം. ഉപയോഗം

എടിഎമ്മുകൾ പൊതു സൗകര്യങ്ങൾ ആകയാൽ അണുബാധ പകരാതിരിക്കുന്നതിന് മുൻകരുതലുകൾ വേണം. എടിഎം കീ പാഡുകൾ, ടച് സ്ക്രീൻ ഭാഗങ്ങൾ എന്നിവയാണ് അണുബാധയ്ക്കു കാരണമാകുക. ഉപയോഗിക്കുന്നതിന് മുമ്പ് ഇവ അണുനാശിനി നനച്ച ടിഷ്യു പേപ്പറുകൾ ഉപയോഗിച്ച് തുടച്ചശേഷം ഉപയോഗിക്കാൻ ശ്രദ്ധിക്കണം. എടിഎം കൗണ്ടറുകളും പരിസരവും ഇടയ്ക്കിടയ്ക്ക് ശുചിയാക്കാനും ക്യാഷ് ഡിസ്പെൻസറുകളിൽ പുതിയ നോട്ടുകൾ നിറയ്ക്കാനും ബാങ്കുകൾ ശ്രദ്ധിക്കണം. ഇടപാടുകാർക്ക് ശുചിത്വം പാലിക്കുന്നതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കണമെന്ന് കേന്ദ്ര സർക്കാരിന്റെ നോട്ടിഫിക്കേഷനിൽ നിർദ്ദേശിച്ചിട്ടുണ്ട്.

കറൻസി കൈകാര്യം ചെയ്യുന്നവർ

ബാങ്കുകളിലും കച്ചവട സ്ഥാപനങ്ങളിലും മറ്റും ക്യാഷ് കൗണ്ടറുകളിൽ ജോലി ചെയ്യുന്നവർക്ക് രോഗം പകരാനുള്ള സാധ്യത കൂടുതലാണെന്ന് തിരിച്ചറിയണം. അണുബാധ ഉണ്ടാകാതിരിക്കാൻ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള എല്ലാ മുൻകരുതലുകളും വീഴ്ച വരുത്താതെ ശ്രദ്ധിക്കേണ്ടതുണ്ട്. വിവിധ സ്ഥാപനങ്ങൾ ഓരോ ദിവസത്തെയും കളക്ഷൻ അന്നന്നുതന്നെ ബാങ്കുകളിൽ അടയ്ക്കാൻ ശ്രദ്ധിക്കുക. പൊതുജനങ്ങൾക്ക് തിരികെ നൽകുന്ന പണം പുതിയ കറൻസിയാണെന്ന് ഉറപ്പു വരുത്തണം. ബാങ്കുകളുടെ കറൻസി ചെസ്റ്റുകളും മറ്റും, ഉപയോഗിച്ച നോട്ടുകൾ ഒരു സ്ഥലത്തുനിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി വിതരണം ചെയ്യുന്നത് പൂർണമായും ഒഴിവാക്കണം.