കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കാഞ്ഞിരപ്പള്ളി അമൽജ്യോതി വീണ്ടും ..

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ  കാഞ്ഞിരപ്പള്ളി അമൽജ്യോതി വീണ്ടും ..

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കാഞ്ഞിരപ്പള്ളി അമൽജ്യോതി വീണ്ടും ..

ഹെൽത്തി കോട്ടയം എന്ന ആപ്പ് ഉണ്ടാക്കി കോട്ടയം ജില്ലയിലെ കോവിഡ് 19 പ്രതിരോധ പ്രവർത്തങ്ങൾ ഏകീകരിക്കുവാൻ ഏറെ സഹായിച്ച കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ്, ആരോഗ്യ പ്രവർത്തകർക്ക് അത്യാവശ്യമുള്ള ഫേസ് ഷീൽഡുകൾ തയ്യാറാക്കി നൽകി വീണ്ടും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കർമ്മനിരതരാവുകയാണ് .

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി, ആരോഗ്യ പ്രവർത്തകർക്കുള്ള ഫേസ് ഷീൽഡുകൾ (മുഖാവരണം ) കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിൽ തയ്യാറാക്കുന്നു. പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകാരം കെപ്ലർ റോബോട്ടിക്‌സ് എന്ന യുവ സംരംഭവുമായി സഹകരിച്ചുകൊണ്ടാണ് നിർമ്മാണം.

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യപ്രവർത്തകർ ധരിക്കുന്ന പിപിഇ കിറ്റിനോടൊപ്പം ധരിക്കുന്ന മുഖ കവചമാണ് ഫേസ് ഷീൽഡുകൾ. അമൽജ്യോതിയിലെ ലാബുകളിൽ ഒന്നായ അഡിറ്റിവ് മാനുഫാക്ചറിങ് ലാബിൽ ( Additive Manufacturing ) ത്രീ ഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമ്മാണം. നിർമ്മിക്കേണ്ട വസ്തുവിന്റെ ഡിസൈനും ഒപ്പം നിർമ്മാണ സാധനങ്ങളും മെഷീനിലേക്ക് നൽകുമ്പോൾ ത്രിമാന രൂപത്തിലുള്ള വസ്തു ലഭിക്കുന്നതാണ് ഈ സാങ്കേതികവിദ്യ. മെക്കാനിക്കൽ എന്ജിനീറിങ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ വി ശ്രീരാഗ് ആണ് നിർമാണത്തിന് നേതൃത്വം കൊടുക്കുന്നത്. അമൽജ്യോതി സ്റ്റാർട്ടപ്പ്സ് വാലി ടെക്നോളജി ബിസിനസ്സ് ഇൻക്യൂബേറ്ററിൽ പ്രവർത്തിക്കുന്ന ഐ ഇറ (I- ERA), കസ്‌പെറോബ് (KASPEROB) എന്നീ സ്റ്റാർട്ടപ്പ് കമ്പനികളും ഈ പ്രവർത്തനത്തിന്റെ ഭാഗമാണ്. യുവ സംരംഭകർക്ക് വേണ്ട അടിസ്ഥാന സൗകര്യം, മാനേജ്മെന്റ് വൈദഗ്ധ്യം, ഇക്കോ സിസ്റ്റം ഡവലപ്‌മെന്റ് എന്നിവ നൽകുന്നതിനായി കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ ക്യാമ്പസിൽ പ്രവർത്തിക്കുന്ന സ്ഥാപനമായ സ്റ്റാർട്ടപ്പ്സ് വാലിയിൽ മുപ്പതിലേറെ യുവ സംരംഭകങ്ങൾ പ്രവർത്തിക്കുന്നു.