കോവിഡ് ബാധിതർ ഇല്ലാത്ത ദിനം


ജൂൺ ഒന്നിനു ശേഷം കോട്ടയം  ജില്ലയിൽ കോവിഡ് രോഗബാധിതരില്ലാത്ത ആദ്യദിനം. ഇന്നലെ ലഭിച്ച 325 സാംപിളുകളും നെഗറ്റീവ്. ഇന്നലെ 8 പേർ കൂടി രോഗമുക്തി നേടി. ഇതോടെ ജില്ലയിൽ രോഗം ഭേദമായവരുടെ എണ്ണം 104 ആയി. 112 പേരാണു ജില്ലയിൽ‍ രോഗബാധിതരായി വിവിധ ആശുപത്രികളിൽ ചികിത്സ തേടുന്നത്. ജില്ലയിൽ  216 പേർക്കു  കോവിഡ് ബാധിച്ചു. ഇതിൽ 173 പേർക്കും ഈ മാസമാണു രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരുടെ പ്രതിദിന ശരാശരി 6.4 ആണ്. മേയ്– 23, ഏപ്രിൽ-17, മാർച്ച്-3 എന്നിങ്ങനെയാണു മറ്റു മാസങ്ങളിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.

ഇന്നലെ രോഗമുക്തരായവർ

∙ അബുദാബിയിൽ നിന്നെത്തി ജൂൺ 9നു രോഗം സ്ഥിരീകരിച്ച പനച്ചിക്കാട് സ്വദേശി (59).

∙ ചെന്നൈയിൽ നിന്നെത്തി 14നു രോഗം സ്ഥിരീകരിച്ച മുണ്ടക്കയം സ്വദേശി (23).

∙ മുംബൈയിൽ നിന്നെത്തി 14നു രോഗം സ്ഥിരീകരിച്ച ടിവി പുരം സ്വദേശി (33).

∙ സൗദി അറേബ്യയിൽ നിന്നെത്തി 15നു രോഗം സ്ഥിരീകരിച്ച ഗർഭിണിയായ ആർപ്പൂക്കര സ്വദേശിനി (28).

∙ അബുദാബിയിൽ നിന്നെത്തി 15നു രോഗം സ്ഥിരീകരിച്ച മാലം സ്വദേശി (55).

∙ സമ്പർക്കം മുഖേനയുള്ള രോഗബാധ 15നു സ്ഥിരീകരിച്ച കോരുത്തോട് സ്വദേശി (61).

∙ മുംബൈയിൽ നിന്നെത്തി 18നു രോഗം സ്ഥിരീകരിച്ച ചിറക്കടവ് സ്വദേശി (53).

∙ സൗദി അറേബ്യയിൽ നിന്നെത്തി 18നു രോഗം സ്ഥിരീകരിച്ച നീണ്ടൂർ സ്വദേശി(33).

പള്ളിക്കത്തോട്ടിൽ നിയന്ത്രണം

∙ പള്ളിക്കത്തോട്ടിൽ പഞ്ചായത്ത് പരിധിയിലെ സ്ഥാപനങ്ങൾ ഇന്നും നാളെയും അടച്ചിട്ട് അണുവിമുക്തമാക്കാൻ തീരുമാനം. വിവിധ വകുപ്പുകൾ, ജനപ്രതിനിധികൾ, വ്യാപാരി വ്യവസായികൾ, സർവകക്ഷി പ്രതിനിധികൾ എന്നിവരുമായി ഇന്നലെ പഞ്ചായത്തിൽ നടത്തിയ യോഗത്തെത്തുടർന്നാണു തീരുമാനമെന്നു പഞ്ചായത്ത് പ്രസിഡന്റ് ഷാജി ഐസക്ക് ഇല്ലിക്കൽ അറിയിച്ചു.

പള്ളിക്കത്തോട് ഗ്രാമപ്പഞ്ചായത്തിൽ കണ്ടെയ്ൻമെന്റ് സോണായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള എട്ടാം വാർഡിൽ മാത്രമാണു കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ബാധകമെന്നു ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷ കൂടിയായ കലക്ടർ എം.അഞ്ജന അറിയിച്ചു.  

നിയന്ത്രണം ഏർപ്പെടുത്തി

ചങ്ങനാശേരി ∙ കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ സർക്കാർ നിർദേശപ്രകാരം താലൂക്ക് സപ്ലൈ ഓഫിസിൽ പൊതുജനങ്ങൾ നേരിട്ട് എത്തുന്നതിനു നിയന്ത്രണം ഏർപ്പെടുത്തി. പുതിയ റേഷൻ കാർഡ്, പേരുകൾ കുറവു ചെയ്യൽ, പേരു ചേർക്കൽ, തിരുത്തൽ, ആധാർ, മൊബൈൽ നമ്പർ എന്നിവ ലിങ്ക് ചെയ്യൽ തുടങ്ങി റേഷൻ കാർഡ് സംബന്ധമായ എല്ലാ അപേക്ഷകളും ഓൺലൈനായി അക്ഷയയിലൂടെയോ സിറ്റിസൻ ലോഗിൻ ചെയ്തോ മാത്രമേ സ്വീകരിക്കുകയുള്ളൂ.

അപേക്ഷയോടൊപ്പം എല്ലാ അനുബന്ധ രേഖകളും സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യണം. അപേക്ഷകൾ പരിശോധിച്ച് നടപടികൾ സ്വീകരിച്ച ശേഷം താലൂക്ക് സപ്ലൈ ഓഫിസിൽ നിന്നും അപേക്ഷകരെ വിവരം ഫോണിൽ അറിയിക്കും. ഇതിനു ശേഷം മാത്രം അപേക്ഷകർ ഓഫിസിൽ നേരിട്ടു ഹാജരായി റേഷൻ കാർഡ് കൈപ്പറ്റിയാൽ മതിയാകും.

നിലവിലുള്ള പൊതുവിഭാഗം കാർഡുകൾ മുൻഗണന വിഭാഗത്തിലേക്കു മാറ്റുന്നതിനുള്ള അപേക്ഷകൾ ഓഫിസ് കൗണ്ടറിൽ വച്ചിട്ടുള്ള ബോക്സിൽ നിക്ഷേപിക്കണം. അപേക്ഷയിൽ നിർബന്ധമായും ഫോൺ നമ്പർ രേഖപ്പെടുത്തണം. നിയന്ത്രണങ്ങൾ ഇന്ന്  മുതൽ നിലവിൽ വരുമെന്നും പൊതുജനങ്ങൾ ഈ കാര്യത്തിൽ സഹകരിക്കണമെന്നും താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.

വെട്ടിക്കാവുങ്കൽ ജംക്‌ഷനും പൂവൻപാറപടിയും അടച്ചുടച്ചു

കറുകച്ചാൽ ∙ കറുകച്ചാൽ പഞ്ചായത്ത് 7-ാം വാർഡായ പനയമ്പാല കണ്ടെയ്ൻമെന്റ് സോൺ ആക്കിയതോടെ വെട്ടിക്കാവുങ്കൽ-കവളിമാവ് റോഡിൽ വെട്ടിക്കാവുങ്കൽ ജംക്‌ഷനും ഇതേ റോഡിലെ പൂവൻപാറപടിയും പൊലീസ് അടച്ചു.14 ദിവസത്തേക്കു പൂവൻപാറപടിയിലും വെട്ടിക്കാവുങ്കൽ ജംക്‌ഷനിലെയും കടകൾ പൂർണമായും അടച്ചിടണം. വെട്ടിക്കാവുങ്കൽ ബസ് സ്റ്റോപ്പും താൽക്കാലികമായി പ്രവർത്തിക്കരുതെന്നു തീരുമാനമായി. കറുകച്ചാൽ പഞ്ചായത്തിലെ കോവിഡ് മോണിറ്ററിങ് സമിതിയുടെ തീരുമാന പ്രകാരമാണു നടപടികൾ. 4 പേരാണ് വാർഡിൽ രോഗബാധിതരായി ഉള്ളത്.