കോസ് വേ പാലങ്ങൾ കവിഞ്ഞൊഴുകിയ മണിമലയാറ്റിൽ മുട്ടറ്റം പോലും വെള്ളം ഇല്ല


പൊൻകുന്നം ∙ 20 ദിവസം മുൻപു കോസ് വേ പാലങ്ങൾ കവിഞ്ഞൊഴുകിയ മണിമലയാറ്റിൽ ഇപ്പോൾ പലയിടത്തും മുട്ടറ്റം പോലും വെള്ളമില്ല. കഴിഞ്ഞ 8ന് 5 മീറ്ററിനു മുകളിൽ വെളളം ഉയർന്ന ആറ്റിലെ ജലനിരപ്പ് 0.71 മീറ്റർ ആണ്. തടയണ, കയങ്ങൾ എന്നിവയുള്ള ഭാഗം ഒഴികെയുള്ള സ്ഥലങ്ങളിൽ ജലനിരപ്പ് തീരെ താഴ്ന്നു. മുണ്ടക്കയം കോസ് വേ പാലത്തിനു സമീപത്തെ ആറ്റിൽ തിട്ട തെളിഞ്ഞു പുല്ലു കിളിർത്തു.

2018ലേതിനു സമാനമായ പ്രതിഭാസമാണ് ഇത്തവണ കാണപ്പെടുന്നത് എന്ന് ഹൈഡ്രോളജി വകുപ്പ് പറയുന്നു. വെള്ളപ്പൊക്ക സമയത്തു കടൽ ക്ഷോഭം രൂക്ഷമായിരുന്നു. എന്നാൽ നിലവിൽ കടലിലെ ജലനിരപ്പു താഴ്ന്നതോടെ ആറുകളിലെയും തോടുകളിലെയും വെള്ളം കൂടുതലായി ഒഴുകിപ്പോയതാണു ജലനിരപ്പു കുറയാനിടയാക്കിയതെന്ന് അധികൃതർ പറയുന്നു. ജലനിരപ്പു താഴാൻ തുടങ്ങിയതോടെ മണിമലയാറ്റിലെ തടയണയിലെ ഷട്ടറുകൾ അടച്ചു. മണിമലയാറ്റിൽ ജലനിരപ്പു താഴ്ന്നതോടെ കൈത്തോടുകളിലും കിണറുകളിലും ജലനിരപ്പു കുറഞ്ഞു.