കോൺഗ്രസ്സിന്റെ ജനമോചനയാത്രയുടെ ജില്ലാതല പര്യടനം 20 – ന് കാഞ്ഞിരപ്പള്ളിയിൽ നിന്നാരംഭിക്കും

കാഞ്ഞിരപ്പള്ളി: വർഗീയ ഫാസിസത്തിനും, അക്രമത്തിനും, കേന്ദ്ര-സംസ്ഥാന ദുർഭരണത്തിനുമെതിരെ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസൻ നയിക്കുന്ന ജനമോചനയാത്രയുടെ ജില്ലാതല പര്യടനം 20 – ന് രാവിലെ പത്തിന് കാഞ്ഞിരപ്പള്ളിയിൽ നിന്നാരംഭിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് അറിയിച്ചു.

ജില്ലയിൽ മൂന്ന് കേന്ദ്രങ്ങളിലായാണ് സ്വീകരണങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ പത്തിന് കാഞ്ഞിരപ്പള്ളി, വൈകിട്ട് 4-ന് തലയോലപറമ്പ് ,6-ന് കോട്ടയം എന്നിവിടങ്ങളിലാണ് യാത്രയ്ക്ക് സ്വീകരണങ്ങൾ നൽകുക. കാത്തിരപ്പള്ളിയിലെ സ്വീകരണ സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, പാല നിയോജക മണ്ഡലത്തിലെ പ്രവർത്തകരും കടുത്തുരുത്തി, വൈക്കം എന്നിവിടങ്ങളിലെ പ്രവർത്തകർ തലയോലപറമ്പിലും, ഏറ്റുമാനൂർ, കോട്ടയം, ചങ്ങനാശ്ശേരി പുതുപ്പള്ളി എന്നിവിടങ്ങളിലെ പ്രവർത്തകർ കോട്ടയം തിരുനക്കര മൈതാനത്തെ സ്വീകരണ സമ്മേളനത്തിലും പങ്കെടുക്കും.

യാത്രയോടനുബന്ധിച്ച് ജില്ലയിലെ ബൂത്ത് കോൺഗ്രസ് കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ ഭവന സന്ദർശനം നടത്തും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വാഗ്ദാന ലംഘനങ്ങൾക്കെതിരെ കെ.പി.സി.സി അച്ചടിച്ച് നൽകിയ ലഘുലേഖകൾ വിതരണം ചെയ്യും. ഭവന സന്ദർശനത്തിന്റെ ഭാഗമായി പ്രവർത്തകർ കെ.പി.സി.സി പ്രവർത്തനങ്ങൾക്കായി ഫണ്ട് സമാഹരണം നടത്തും.

ജാഥയോടനുബന്ധിച്ച് കെ.പി.സി.സി സംസ്കാകാര സാഹിതിയുടെ ആഭിമുഖ്യത്തിൽ ‘വാളല്ലെൻ സമരായുധം ‘എന്ന വിഷയത്തിൽ തെരുവ് നാടകം നടത്തും. അക്രമത്തിനെതിരെ അമ്മമാരുടെ കയ്യൊപ്പ് ശേഖരിക്കുന്ന ‘ഡിജിറ്റൽ ക്യാംപെയ്നും’ മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ കൊലപാതകത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശനവും നടത്തും.

ജാഥയുടെ വിജയകരമായ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കുന്നതിന് ചൊവ്വാഴ്ച പത്തിന് സർക്കിൾ സഹകരണ യൂണിയൻ ഹാളിൽ സ്വാഗതസംഘം യോഗം ചേരുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി പി.എ.ഷമീർ,ബ്ലോക്ക് പ്രസിഡന്റ് ബാബു ജോസഫ് എന്നിവർ അറിയിച്ചു.