ക്യാമറകള്‍ മിഴിയടച്ചു കാഞ്ഞിരപ്പള്ളിയില്‍ മോഷണ പരമ്പര

കാഞ്ഞിരപ്പള്ളി: രാത്രി ടൗണിലെ കടകളുടെ ഷട്ടര്‍ തകര്‍ത്ത്‌ പണം മോഷ്‌ടിക്കുന്നത്‌ പതിവായി. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി – ഇരാറ്റുപേട്ട റോഡില്‍ കോവില്‍ക്കടവില്‍ കൂള്‍ബാറില്‍ നിന്നും 25000 രൂപ മോഷണം പോയി. പാറക്കടവ്‌ അബ്‌ദുള്‍ സലാമിന്റെ ഉടമസ്‌ഥതയിലുള്ള കടയില്‍ നിന്നാണ്‌ പണം മോഷ്‌ടിച്ചത്‌. ഇയാളുടെ ചികിത്സാ ആവശ്യത്തിനായി കരുതി വച്ചിരുന്ന പണമാണ്‌ മോഷ്‌ടിച്ചത്‌.

കാഞ്ഞിരപ്പള്ളി പോലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന്‌ പോലീസെത്തി പരിശോധിച്ചു. സമീപത്തുള്ള അമല ഗ്ലാസ്‌ ഹൗസില്‍ നിന്നും ഇത്തരത്തില്‍ പണം മോഷ്‌ടിച്ചിട്ടുണ്ട്‌. കഴിഞ്ഞ ദിവസങ്ങളിലായി ടൗണിലെ കടകള്‍ കേന്ദ്രീകരിച്ച്‌ മോഷണ പരമ്പരയാണ്‌ അരങ്ങേറുന്നത്‌.
കഴിഞ്ഞ ദിവസം കെ. എം. എ. ഹാളിനു സമീപമുള്ള നെസ്‌ലേയുടെ ഗോഡൗണ്‍ കുത്തി തുറന്ന്‌ 20000 രൂപ മോഷ്‌ടിച്ചിരുന്നു. കടകളുടെ ഷട്ടറുകള്‍ തകര്‍ത്താണ്‌ മോഷ്‌ടാവ്‌ കടയ്‌ക്കുള്ളില്‍ കയറുന്നത്‌.
കഴിഞ്ഞ ദിവസങ്ങളില്‍ ടൗണിനു സമീപത്തുള്ള വിവിധ മുസ്ലീം പള്ളികളുടെ കാണിക്കവഞ്ചി കുത്തി തുറന്ന്‌ പണം മോഷ്‌ടിച്ചിരുന്നു. ഈ സംഭവത്തില്‍ ഒരാളെ പോലീസ്‌ പിടികൂടിയിരുന്നു. രാത്രിയില്‍ മോഷണം പതിവായിട്ടും മോഷ്‌ടാക്കളെ കണ്ടെത്താന്‍ പോലീസിന്‌ കഴിഞ്ഞിട്ടില്ല. വന്‍ മോഷണ സംഘം കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ച്‌ തമ്പടിച്ചിട്ടുള്ളതായും സൂചനയുണ്ട്‌.
രാത്രിക സ്‌ഥിരമായി മോഷണം നടക്കുന്നതോടെ വ്യാപാരികള്‍ക്കിടയില്‍ പ്രതിഷേധം ഉയരുന്നു. പോലീസിന്റെ നൈറ്റ്‌ പട്രോളിങ്‌ കാര്യക്ഷമമല്ലായെന്ന്‌ ആക്ഷേപമുണ്ട്‌.
ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ ക്യാമറകള്‍ സ്‌ഥാപിച്ചിരുന്നെങ്കിലും അവയെല്ലാം തകരാറിലാണ്‌. തകരാറിലായ ക്യാമറകള്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന്‌ വ്യാപാരികളും തദേശവാസികളും ആവശ്യപ്പെടുന്നു.