‘ക്രഷർ ഉൽപന്നങ്ങളുടെ വില നിയന്ത്രിക്കണം’

കാഞ്ഞിരപ്പള്ളി∙ ക്രഷർ ഉൽപന്നങ്ങളുടെ വില അടിക്കടി വർധിപ്പിക്കുന്നതു മൂലം ത്രിതല പഞ്ചായത്തുകളുടെ കരാർ ജോലികളും പൊതുമരാമത്ത് പ്രവൃത്തികളും നിലയ്ക്കുന്ന സ്ഥിതിയിലായെന്നു താലൂക്കിലെ ടിപ്പർ ലോറി ഉടമകളും ചെറുകിട കരാറുകാരും ആരോപിക്കുന്നു. ക്രഷർ ഉൽപന്നങ്ങളായ മണൽ, മെറ്റൽ എന്നിവയ്ക്ക് രണ്ടു മാസത്തിനിടെ 70% വിലവർധനയുണ്ടായി. ക്രഷർ ഉൽപന്നങ്ങൾ അന്യ ജില്ലകളിലേക്കു കൊണ്ടുപോകുന്നതുമൂലമാണ് സാധന സാമഗ്രികൾക്കു ക്ഷാമവും വിലവർധനയും ഉണ്ടാകുന്നത്.

ഗ്രാമീണ റോഡുകൾക്ക് താങ്ങാവുന്നതിലും കൂടുതൽ ഭാരശേഷിയുള്ള ടോറസ് ലോറികൾ അമിതഭാരം കയറ്റി രാത്രിയും പകലും അന്യ ജില്ലകളിലെ ഭൂമാഫിയയ്ക്കുവേണ്ടി പോകുന്നത് മലയോര മേഖലയിലെ റോഡുകൾ തകരുന്നതിന് കാരണമാകുന്നതായും ഇവർ പറയുന്നു. മാർച്ചിനു മുമ്പ് പൂർത്തിയാക്കേണ്ട ത്രിതല പഞ്ചായത്ത് കരാർ ജോലികളും മറ്റു പൊതുമരാമത്ത് ജോലികളും നിലച്ച സ്ഥിതിയിലാണെന്നു ചെറുകിട കരാറുകാരും ആരോപിക്കുന്നു.

പഞ്ചായത്തുകളിൽ നിന്നു നിർധന കുടുംബങ്ങൾക്ക് അനുവദിച്ചിരിക്കുന്ന വീടുകളുടെ നിർമാണം, വീട് അറ്റകുറ്റപ്പണി എന്നിവ നടത്തുന്നതിന് സാധന സാമഗ്രികളുടെ വിലവർധന മൂലം സാധിക്കുന്നില്ലെന്നും ഇവർ ആരോപിക്കുന്നു. അധികൃതർ കാര്യക്ഷമമായി ഇടപെടാതിരുന്നാൽ നിർമാണ മേഖല സ്തംഭനാവസ്ഥയിലേക്കു നീങ്ങുമെന്നും പറയുന്നു. വർധിപ്പിച്ച വില കുറയ്ക്കുന്നതിനു തയാറാകാതിരുന്നാൽ അന്യ ജില്ലകളിലേക്കുള്ള ക്വാറി ഉൽപന്നങ്ങളുടെ നീക്കം തടയുന്നതുൾപ്പെടെയുള്ള സമരപരിപാടികളിലേക്ക് നീങ്ങുമെന്നും ഭാരവാഹികൾ അറിയിച്ചു.