ക്രിസ് ഗെയ്ല്‍ നിറഞ്ഞാടിയപ്പോള്‍ റെക്കോര്‍ഡുകൾ തകർന്ന് അടിഞ്ഞു , 30 പന്തില്‍ സെഞ്ചുറി

gale 2
ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ വെസ്റിന്‍ഡീസ് താരം ക്രിസ് ഗെയ്ലിന് ഒറ്റ ഇന്നിംഗ്സില്‍ നിരവധി റെക്കോര്‍ഡുകൾ .

ഐപിഎല്ലില്‍ പൂനെ വാരിയേഴ്സിനെതിരായ മത്സരത്തില്‍ 30 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി ട്വന്റി-20യിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി നേടി തുടങ്ങിയ ഗെയ്ല്‍ ട്വന്റി-20യിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറിനും ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സകോറിനും ഒരു ഇന്നിംഗ്സില്‍ ഏറ്റവും അധികം സിക്സറുകള്‍ നേടുന്ന റെക്കോര്‍ഡിനും ഉടമയായി.

66 പന്ത് നേരിട്ട ഗെയ്ല്‍ 17 ഫോറും 13 സിക്സും അടക്കം 175 റണ്‍സ് നേടി പുറത്താകാതെ നിന്നു.

ഗെയ്ലിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സ്, പൂനെ വാരിയേഴ്സിനെതിരെ 130 റണ്‍സിന്റെ വമ്പന്‍ വിജയവും സ്വന്തമാക്കി. ഈ ജയത്തോടെ ഐപിഎല്ലില്‍ ബാംഗളൂര്‍ ടീം പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തുമെത്തി.

gale45ഗെയ്ലിന്റെ മാരക ബാറ്റിംഗ് മികവില്‍ ബാംഗളൂര്‍ പൂനയ്ക്കെതിരേ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 263 റണ്‍സാണ് നേടിയത്. ഗെയ്ലിന്റെ ആക്രമണത്തില്‍ മനസ് മടുത്തിറങ്ങിയ പൂനെയുടെ പോരാളികള്‍ക്ക് വിജയലക്ഷ്യം എത്തിപ്പിടിക്കാവുന്നതിലും ഏറെ അകലെയായിരുന്നു. 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അവരുടെ ഇന്നിംഗ്സ് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സിന് അവസാനിച്ചു. 31 പന്തില്‍ 41 റണ്‍സ് നേടിയ സ്റീവന്‍ സ്മിത്ത് മാത്രമാണ് പൂനെ നിരയില്‍ പോരാട്ടത്തിനുള്ള മനസ് കാട്ടിയത്.

ക്രിസ് ഗെയ്ല്‍ നിറഞ്ഞാടിയപ്പോള്‍ പൂനെ ബൌളിംഗ് നിരയില്‍ ഭുവനേശ്വര്‍ കുമാറും ലൂക്ക് റൈറ്റും മാത്രമാണ് രക്ഷപെട്ടത്. ഇരുവരും എറിഞ്ഞ എട്ട് ഓവറില്‍ വഴങ്ങിയത് 49 റണ്‍സ് മാത്രം. ശേഷിക്കുന്ന 12 ഓവറില്‍ പൂനെ ബൌളര്‍മാര്‍ വഴങ്ങിയത് 214 റണ്‍സ്. മൂന്ന് ഓവര്‍ ബൌള്‍ ചെയ്ത മിച്ചല്‍ മാര്‍ഷ് വഴങ്ങിയത് 56 റണ്‍സാണ്. നാല് ഓവര്‍ എറിഞ്ഞ അശോക് ദിന്‍ഡ 48 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ രണ്ടു ഓവര്‍ പന്തെറിഞ്ഞ അലി മുര്‍ത്താസ വഴങ്ങിയത് 45 റണ്‍സ്. എല്ലാവരും തല്ലു വാങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും സങ്കടത്തില്‍ പങ്കുചേര്‍ന്നു. ഒരോവര്‍ എറിഞ്ഞ ഫിഞ്ച് വഴങ്ങിയത് 29 റണ്‍സ്. ഗെയ്ലും എട്ട് പന്തില്‍ മൂന്ന് ഫോറും മൂന്ന് സിക്സും അടക്കം 31 റണ്‍സ് നേടിയ എ.ബി.ഡിവില്ലിയേഴ്സും തകര്‍പ്പന്‍ അടികള്‍ ബാംഗളൂരിലെ കാണികള്‍ക്ക് കാഴ്ചവച്ചതോടെയാണ് റോയല്‍ ചലഞ്ചേഴ്സിന്റെ സ്കോര്‍ കുതിച്ചുകയറിയത്.