ക്ലീനിംഗ് തുടരണമെന്ന്

പൊന്‍കുന്നം: കുടുംബശ്രീ പ്രവര്‍ത്തകര്‍ മണ്ഡല മകരവിളക്കു കാലത്ത് നടത്തിവന്നിരുന്ന ക്ലീനിംഗ് പ്രവര്‍ത്തനം തുടര്‍ന്നും നടത്തണമെന്ന ആവശ്യം ശക്തമായി.

ചിറക്കടവ് പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകരാണ് ശബരിമല സീസണോടനുബന്ധിച്ച് പൊന്‍കുന്നം ഇരുപതാംമൈല്‍ മുതല്‍ ചിറക്കടവ് മണ്ണംപ്ലാവ് വരെ റോഡിന്റെ ഇരുവശവും തൂത്ത് വൃത്തിയാക്കുന്നത്. പൊന്‍കുന്നം ബസ് സ്റ്റാന്‍ഡ്, രാജേന്ദ്രമൈതാനം, തീയേറ്റര്‍പടി റോഡ്, ചിറക്കടവ് റോഡ്, മാര്‍ക്കറ്റ്, കെവിഎംഎസ് കവല മുതല്‍ പൊന്‍കുന്നം ടൗണ്‍ വരെ റോഡിന്റെ ഇരുവശവും ബ്ലീച്ചിംഗ് പൗഡര്‍ വിതറി ക്ലീന്‍ ചെയ്തുവരുന്നത്.

കുടുംബശ്രീപ്രവര്‍ത്തകര്‍ നടത്തിവരുന്ന ശുചീകരണപ്രവര്‍ത്തനങ്ങള്‍ പരക്കെ സ്വാഗതം ചെയ്യപ്പെട്ടിരുന്നു. എല്ലാ ദിവസവും പുലര്‍ച്ചെ മൂന്നു മുതല്‍ ആറു വരെ ചിറക്കവ് പഞ്ചായത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടിരുന്ന നാലുപേരായിരുന്നു ശുചീകരണ ജോലികള്‍ ചെയ്തുവരുന്നത്. മണ്ഡല മകരവിളക്ക് കാലത്തെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഇന്നവസാനിക്കുകയാണ്. ഇവരുടെ പ്രവര്‍ത്തനം തുടര്‍ന്നും നടത്തണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.