ക്ഷീരമേഖല പ്രതിസന്ധിയില്‍ തീറ്റപ്പുല്ല്‌ കിട്ടാനില്ല, പൊള്ളുന്ന ചൂടും കാലിത്തീറ്റയ്‌ക്ക്‌ അമിതവിലയും


തീറ്റപ്പുല്ലു കിട്ടാനില്ല, കാലിത്തീറ്റയ്‌ക്കു അമിതവിലയും,പിന്നാലെ പൊള്ളിക്കുന്ന ചൂടും, മഹാ പ്രളയത്തിലും തളരാതിരുന്ന ക്ഷീരമേഖല വന്‍ പ്രതിസന്ധിയില്‍. പാല്‍, ഉത്‌പാദനത്തില്‍ ജില്ലയില്‍ ശരാശരി 5000 ലിറ്ററിന്റെ കുറവാണുണ്ടായിരിക്കുന്നത്‌. സാധാരണ മാര്‍ച്ച്‌ മാസത്തിലുണ്ടാകുന്ന പ്രതിസന്ധിയാണ്‌ ഇപ്പോള്‍ തന്നെക്ഷീര മേഖലയെ പിടിമുറുക്കിയിരിക്കുന്നത്‌. പ്രതിസന്ധി മറിക്കടക്കാനാകാതെ നട്ടം തിരിയുകയാണു ക്ഷീര കര്‍ഷകര്‍. 


ശരാശരി 10-15 ലിറ്റര്‍ വരെ പാല്‍ ലഭിച്ചിരുന്ന കാലികളില്‍ നിന്നുള്ള ഉത്‌പദനം 8 -10 ലിറ്ററായി കുറഞ്ഞു. തണുപ്പും വെള്ളവും ആവശ്യത്തിനു വേണ്ട സങ്കരയിനം പശുക്കളാണേറെയുമെന്നതും കര്‍ഷകരെ വെള്ളം കുടിപ്പിക്കുന്നു. 
വെള്ളം എങ്ങനെയെങ്കിലും സംഘടിപ്പിച്ചു നല്‍കിയാലും ചൂടില്‍ നിന്നു പ്രതിരോധം തീര്‍ക്കാന്‍ കര്‍ഷകര്‍ക്കു കഴിയുന്നില്ല. പുരയിടത്തില്‍ ഇറക്കി കെട്ടി വളര്‍ത്തുന്ന കന്നുകാലികളുടെ കാര്യവും ദുരിതത്തിലാണ്‌. സൂര്യാഘാതമേല്‍ക്കുമെന്നതിനാല്‍ പശുക്കളെ തുറസായ സ്‌ഥലത്ത്‌ മേയാന്‍ വിടാന്‍ കഴിയാത്ത അവസ്‌ഥയാണ്‌. 
അളക്കുന്ന പാലിന്റെ അളവു കുറഞ്ഞതോടെ ഔട്ട്‌ ലറ്റുകള്‍ക്ക്‌ നല്‍കുന്ന പായ്‌ക്കറ്റ്‌ പാലിന്റെ ക്വാട്ട കുറയ്‌ക്കേണ്ടി വരുമെന്നാണു മില്‍മയുടെ മുന്നറിയിപ്പ്‌. കാലിത്തീറ്റ വില കൂടിയതും ആവശ്യത്തിനു ലഭ്യമല്ലാത്തതും തിരിച്ചടിയായി. ഓരോ മാസവും കാലിത്തീറ്റ വില കുത്തനെ കുതിയ്‌ക്കുകയാണ്‌. 


സമീകൃത കാലിത്തീറ്റയ്‌ക്കൊപ്പം നല്‍കുന്ന ഗോതമ്പു തവിടിനും പൊന്നുംവിലയാണ്‌. അമ്പതു കിലോഗ്രാം തവിടിന്‌ 1170 രൂപ വിലയുണ്ട്‌. 
മുന്‍ മാസങ്ങളില്‍ ശരാശരി കോട്ടയത്ത്‌ 50000 ലീറ്റര്‍ പാല്‍ അളന്നിരുന്നുവെങ്കില്‍ ഇപ്പോഴതു 45000 ലിറ്ററായി ചുരുങ്ങി. 2018ല്‍ ഇതേ സമയം 55000 ലിറ്റര്‍ വരെ പാല്‍ സംഭരിച്ചിരുന്നു. 
തദ്ദേശസ്വയം ഭരണ സ്‌ഥാപനങ്ങള്‍ ഉള്‍പ്പെടെ ക്ഷീര മേഖലയെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളില്‍ നിന്നു പിന്നാക്കം പോയതും തിരിച്ചടിയായി. രണ്ടു വര്‍ഷം മുമ്പ്‌ വ്യാപകമായി ഫാമുകള്‍ ആരംഭിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ ആരംഭിക്കുന്നതു വിരലില്ലെണ്ണാവുന്നവ മാത്രമാണ്‌. 

വേനല്‍ കടുത്തത്തോടെ പുല്‍ ക്ഷാമമാണു ക്ഷീരകര്‍ഷകരെ ഏറ്റവും വലയ്‌ക്കുന്നത്‌. മുമ്പ്‌ ജില്ലയുടെ പല ഭാഗത്തും തീറ്റപ്പുല്ല്‌ കൃഷിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും ഫലവത്തായില്ല. പച്ചപ്പുല്ലിനു ദൗര്‍ലഭ്യം വന്നതിനാല്‍ ഉണങ്ങിയ പുല്ല്‌ പശുവിന്‌ കൊടുക്കേണ്ടി വരുന്നു. 
കിലോയ്‌ക്കു 10രൂപവരെയാണ്‌ ഉണങ്ങിയ പുല്ലിന്റെ വില. ചിലയിടങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്നു ചോളമെത്തിക്കുന്നുണ്ട്‌, പക്ഷേ വന്‍ വില നല്‍കേണ്ടിവരുന്നു. 
ക്ഷീരകര്‍ഷകര്‍ ഏറെയുള്ള പാമ്പാടി,കറുകച്ചാല്‍, കങ്ങഴ, മീനടം, വാഴൂര്‍ തുടങ്ങിയ പ്രദേശങ്ങളിലും തീറ്റപ്പുല്‍ ക്ഷാമം രൂക്ഷമാണ്‌. 
മുമ്പ്‌ ഈ ഈ പ്രദേശ്‌ങ്ങളിലുള്ളവര്‍ മണര്‍കാട്‌ പ്രദേശത്തെ പാടശേഖരങ്ങളില്‍ നിന്നു തീറ്റപ്പുല്‍ ശേഖരിച്ചിരുന്നു. എന്നാല്‍, ഇവിടെയില്ലാതായി. പുതുപ്പള്ളിയിലെ ചുരുക്കം ചില പാടശേഖരങ്ങളില്‍ മാത്രമാണു തീറ്റപ്പുല്‍ അവശേഷിക്കുന്നത്‌. 
കിലോമീറ്ററുകളോളം ഉള്ളില്‍ ചെന്നാല്‍ മാത്രമേ പുല്ലു ലഭ്യമാവുകയുള്ളൂ. ഇതു തലച്ചുമടായി വേണം വാഹനങ്ങളില്‍ എത്തിക്കാന്‍. വൈക്കോല്‍ വില ഉയര്‍ന്നതും തിരിച്ചടിയായിട്ടുണ്ട്‌.  
തീറ്റപ്പുല്‍ കൃഷിയ്‌ക്കു കര്‍ഷകര്‍ക്കു സഹായമൊരുക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കര്‍ഷക കോണ്‍ഗ്രസ്‌ ക്ഷീര സെല്‍ ജില്ലാ ചെയര്‍മാന്‍ എബി ഐപ്പ്‌ ധനമന്ത്രിയ്‌ക്കു നിവേദനം നല്‍കിയിരുന്നു.