ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും പൊങ്കാലയും നടത്തി

പൊൻകുന്നം ∙ പത്താമുദയ ദിനത്തിൽ മേഖലയിലെ വിവിധ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും പൊങ്കാലയും നടത്തി. പുതിയകാവ് ദേവീക്ഷേത്രം, തമ്പലക്കാട് മഹാകാളിപാറ ക്ഷേത്രം, ഉരുളികുന്നം പര്യാരത്തേൽ ഭഗവതി ക്ഷേത്രം, കൂവപ്പള്ളി ഞർക്കലക്കാവ് എന്നിവിടങ്ങളിലും പത്താമുദയം ഉത്സവത്തിനോടനുബന്ധിച്ചു നടത്തിയ വിശേഷാൽ പൂജകളിലും അനുബന്ധ ചടങ്ങുകളിലും പങ്കെടുക്കുന്നതിനു വൻഭക്‌തജനതിരക്ക് അനുഭവപ്പെട്ടു.

പുതിയകാവ് ദേവീക്ഷേത്രത്തിൽ ഇന്നലെ രാവിലെ പുതുക്കല നിവേദ്യം നടത്തി.

ചേനപ്പാടി കണ്ണമ്പള്ളി ഭഗവതി ക്ഷേത്രത്തിൽ രാവിലെ കലശപൂജയ്ക്ക് ശേഷം നടന്ന പൊങ്കാലയിൽ ഒട്ടേറെ ഭക്‌തർ പങ്കെടുത്തു. തുടർന്ന് സർപ്പപൂജയും ഉച്ചയ്‌ക്ക് 12.30ന് മഹാപ്രസാദമൂട്ടും നടത്തി. ഉരുളികുന്നം പര്യാരത്തേൽ ഭഗവതി ക്ഷേത്രത്തിൽ രാവിലെ നടത്തിയ കുംഭകുട ഘോഷയാത്രയിൽ ഒട്ടേറെ പേർ പങ്കെടുത്തു. ഉച്ചയ്‌ക്ക് 1.30നു പ്രസാദമൂട്ടിന് ശേഷം വൈകിട്ടു നടത്തിയ സർവൈശ്വര്യപൂജയിൽ പങ്കെടുക്കുന്നതിനും ഭക്‌തജനതിരക്ക് അനുഭവപ്പെട്ടു