ക്ഷേത്ര പുനര്‍നിര്‍മ്മാണം തോട്ടം മാനേജ്‌മെന്റ് തടസ്സപ്പെടുത്തുന്നതായി ക്ഷേത്ര കമ്മിറ്റി

മുണ്ടക്കയം: കൊടികുത്തി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണം തോട്ടം അധികൃതര്‍ തടസ്സപ്പെടുത്തുന്നതായി ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ടി.ബി.ബിജോ, സെക്രട്ടറി ആര്‍.രഞ്ജിത്, ട്രഷറര്‍ എം.ബി.രാജു, മനേഷ്‌കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ദേവപ്രശ്‌നവിധിപ്രകാരം നാലമ്പലത്തിനുപുറത്ത് ഭദ്രകാളിയുടെ ശ്രീകോവില്‍ പണിയാന്‍ കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മണ്ണ് മാറ്റുന്നത് മാനേജ്‌മെന്റ് തടഞ്ഞിരുന്നു.

കഴിഞ്ഞദിവസം ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തില്‍ ശിലാസ്ഥാപനം നടത്തുന്നത്, കോടതിയില്‍നിന്ന് പ്രതിബന്ധ ഉത്തരവ് സമ്പാദിച്ച് മാനേജ്‌മെന്റ് തടഞ്ഞു.
ക്ഷേത്രം സ്ഥിതിചെയ്യുന്ന ഭൂമി ചെങ്ങന്നൂര്‍ വത്തിപ്പുഴ മഠം വകയായിരുന്നു. അന്ന് ക്ഷേത്രത്തിനായി നല്‍കിയിരുന്ന സ്ഥലത്തിനാണ് വ്യാജരേഖയുടെ പിന്‍ബലത്തില്‍ തോട്ടം മാനേജ്‌മെന്റ് അവകാശവാദം ഉന്നയിക്കുന്നതെന്ന് ഭാരവാഹികള്‍ ആരോപിച്ചു. തോട്ടം മാനേജ്‌മെന്റിന്റെ നടപടിക്കെതിരെ വിശ്വാസികളെ പങ്കെടുപ്പിച്ച് ഡിസംബര്‍ 2ന് പ്രതിഷേധമാര്‍ച്ച് നടത്തുമെന്നും ഇവര്‍ അറിയിച്ചു.