കർഷക മാർച്ചിൽ വൻ പ്രതിഷേധം

എരുമേലി∙ പൊന്തൻപുഴ വനത്തിനോടു ചേർന്നു കിടക്കുന്ന കർഷകരുടെ ഭൂമിക്കു പട്ടയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കർഷകർ നടത്തിയ പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷൻ മാർച്ചിൽ പ്രതിഷേധമിരമ്പി. 500 കർഷകർ പങ്കെടുത്ത മാർച്ച് വനം, റവന്യു വകുപ്പുകൾക്കുള്ള താക്കീതായി.

പൊന്തൻപുഴ വനം ജണ്ട കെട്ടി തിരിച്ചതിനു വെളിയിലുള്ള 700 കുടുംബങ്ങളുടെ വസ്തുവിനു പട്ടയം അനുവദിക്കണമെന്നും പൊന്തൻപുഴ വനം സ്വകാര്യ വ്യക്തികൾക്കു തീറെഴുതാനുള്ള നീക്കം ചെറുക്കണമെന്നും ആവശ്യപ്പെട്ടാണു സമരസമിതി നേതൃത്വത്തിൽ മാർച്ച് നടത്തിയത്. പതിറ്റാണ്ടുകളായി ആലപ്ര, വളകൊടി ചതുപ്പ്, നെടുമ്പ്രം മേഖലകളിൽ താമസിക്കുന്ന കർഷകരുടെ ഭൂമിക്കു പട്ടയം നൽകുന്നതിൽ വനംവകുപ്പ് തടസ്സം നിൽ‍ക്കുകയാണെന്നു കർഷകർ ആരോപിക്കുന്നു.

സ്ത്രീകൾ അടക്കം പങ്കെടുത്ത മാർച്ച് പശ്ചിമഘട്ട സംരക്ഷണ സമിതി സംസ്ഥാന ചെയർമാൻ കെ.എം. സത്യൻ ഉദ്ഘാടനം ചെയ്തു. വളകൊടി ചതുപ്പ്, പൊന്തൻപുഴ വഴിയാണു പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷൻ പടിക്കൽ കർഷകർ എത്തിയത്. സമരസമിതി വൈസ് ചെയർമാൻ വി.കെ.കുട്ടപ്പൻ അധ്യക്ഷത വഹിച്ചു. ജയിംസ് കണ്ണിമല, എം.വി. രാജൻ, പി.എച്ച്. സലിം ,സന്തോഷ് പെരുമ്പട്ടി, ശാന്തമ്മ ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.