ഗണേഷ്‌കുമാര്‍ ബാലകൃഷ്ണപിള്ളക്ക് രാജിക്കത്ത് നല്‍കി , സമ്മര്‍ദ തന്ത്രം ആണെന്ന് സംശയം

pillai ganesh കേരള കോണ്‍ഗ്രസ് ബി നേതാവും മുന്‍ മന്ത്രിയുമായ കെ.ബി ഗണേഷ്‌കുമാര്‍ എം എല്‍ എ സ്ഥാനം രാജിവെച്ചു. പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ ആര്‍ ബാലകൃഷ്ണപിള്ളയ്ക്കാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. സ്പീക്കര്‍ക്ക് രാജിക്കത്ത് കൊടുക്കുകയും അദ്ദേഹം അത് സ്വീകരിക്കുകയും ചെയ്താല്‍ എം.എല്‍.എ സ്ഥാനം നഷ്ടപ്പെടും. എന്നാല്‍ പാര്‍ട്ടി ചെയര്‍മാന് രാജിക്കത്ത് നല്‍കിയതിലൂടെ ഇത് ഒരു സമ്മര്‍ദ തന്ത്രം മാത്രമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. പാര്‍ട്ടിയുടെ അവശ്യം അംഗീകരിക്കാത്ത പക്ഷം ഗണേഷിന്റെ രാജിക്കത്ത് സ്പീക്കര്‍ക്ക് കൈമാറുകയും അതോടൊപ്പം മുന്നാക്ക ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ബാലകൃഷ്ണപിള്ളയും ഒഴിയാനും സാധ്യതയുണ്ട്.

ഭാര്യയുമായുണ്ടായ പ്രശ്‌നങ്ങളുടെ പേരിലാണ് വിവാദത്തിനൊടുവില്‍ അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നത്. ഏപ്രില്‍ ഒന്നിനായിരുന്നു മന്ത്രിസ്ഥാനത്ത് നിന്നുള്ള രാജി.

സ്പീക്കര്‍ക്കല്ല രാജി നല്‍കിയത് എന്നത് ശ്രദ്ധേയമാണ്. എം.എല്‍.എ സ്ഥാനം രാജിവെക്കുന്നുവെന്ന് സൂചിപ്പിക്കുന്ന കത്ത് പാര്‍ട്ടി ചെയര്‍മാനാണ് ഇന്ന് രാവിലെയാണ് കൈമാറിയത്. സ്പീക്കര്‍ക്ക് നല്‍കാനുള്ള കത്തും അദ്ദേഹം ബാലകൃഷ്ണപിള്ളയ്ക്ക് നല്‍കി. വിവാദങ്ങള്‍ അവസാനിച്ച ശേഷവും മന്ത്രിസ്ഥാനം തിരിച്ചുനല്‍കാത്തതും നിലപാടിലേക്ക് നയിച്ചതായാണ് റിപ്പോര്‍ട്ട്. കുടുംബപ്രശ്‌നം പരിഹരിച്ചതിനാല്‍ ഗണേഷിനെ വീണ്ടും മന്ത്രിയാക്കണമെന്ന് ആര്‍ ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടിരുന്നു.

രണ്ടുതവണ മന്ത്രിപദവി അലങ്കരിച്ച ഗണേഷ്‌കുമാറിന് രണ്ട് തവണയും രാജിവെക്കേണ്ടിവന്നു. 2001 ലാണ് അദ്ദേഹം ആദ്യമായി നിയമസഭയിലെത്തുന്നത്. തുടര്‍ച്ചയായി മൂന്നു തവണ അദ്ദേഹം എം.എല്‍.എയായി. പത്തനാപുരം മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്.

വിഷയം ചര്‍ച്ചചെയ്യാന്‍ കേരള കോണ്‍ഗ്രസ് ബിയുടെ നേതൃയോഗം ബുധനാഴ്ച ചേരും. നാളത്തെ പാര്‍ട്ടിയോഗത്തിന് ശേഷം ഇക്കാര്യത്തില്‍ പ്രതികരിക്കാമെന്ന് ബാലകൃഷ്ണപിള്ള അറിയിച്ചു.

വിവാഹമോചന കരാറില്‍ ഒപ്പിട്ടതോടെ ഗണേഷിനെതിരെയുള്ള കേസുകളും ഒത്തുതീര്‍പ്പായി. പുതിയ സാഹചര്യത്തില്‍ ഗണേഷിനെ തിരികെ മന്ത്രിസഭയിലെടുക്കണമെന്ന് പലതവണയായി ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടു. ഏറ്റവും ഒടുവില്‍ ഒക്‌ടോബര്‍ പത്തിനകം തീരുമാനമെടുക്കണമെന്നും ബാലകൃഷ്ണപിള്ള അന്ത്യശാസനം നല്‍കി. മറ്റെന്നാള്‍ യു.ഡി.എഫ് നേതൃയോഗം ചേരാനിരിക്കെയാണ് തിരക്കിട്ടുള്ള രാജി നീക്കമെന്നതും സമ്മര്‍ദം ശക്തമാക്കാനുള്ള നീക്കമായി വിലയിരുത്തപ്പെടുന്നു.

സോണിയ ഗാന്ധി തിരുവനന്തപുരത്തെത്തിയപ്പോള്‍ അവരുമായി കൂടിക്കാഴ്ച നടത്തിയവേളയിലും ബാലകൃഷ്ണപിള്ള ഗണേഷിനെ മന്ത്രിയാക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.

എല്ലാം അച്ഛന്‍ പറയും: ഗണേഷ്

രാജിവിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് കെ.ബി ഗണേഷ്‌കുമാര്‍. ആറ് മാസമായി ഞാന്‍ ഒന്നും പറയാറില്ല. പാര്‍ട്ടി ചെയര്‍മാന്റെ കൈയില്‍ രാജികൊടുത്തിട്ടുണ്ട്. അദ്ദേഹത്തോട് ചോദിക്കൂ അദ്ദേഹം മറുപടി പറയുമെന്നായിരുന്നു ഗണേഷിന്റെ പ്രതികരണം.

രാജിയുടെ കാര്യങ്ങള്‍ അച്ഛന്‍ പറയും. പത്തനാപുരത്തെ ജനങ്ങള്‍ തന്നോടൊപ്പമുണ്ട്. ചില മാധ്യമങ്ങള്‍ തന്നെ നിരന്തരം വേട്ടയാടി. മാധ്യമങ്ങളോട് ഇപ്പോള്‍ പ്രതികരിക്കാനില്ല. സിനിമ അഭിനയത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വെള്ളയമ്പലത്ത് വെച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. രാജിക്കത്ത് കൈമാറിയത് ഓണത്തിന് മുന്‍പാണെന്ന് ഗണേഷ് സ്ഥിരീകരിച്ചു.