ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം: ഷാരൂഖ് ഖാന്‍ വിവാദത്തില്‍

ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണ്ണയം നടത്തിയതായി ആരോപണം. സംഭവം വിവാദമായതോടെ ഇതേകുറിച്ച് അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കി.

13 വര്‍ഷങ്ങള്‍ക്ക് ശേഷം ബോളിവുഡ്നായകന്‍ ഷാരൂഖ് ഖാന്‍ വീണ്ടും അച്ഛനാകുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ആഴ്ചയാണ് മാധ്യമങ്ങളില്‍ ആഘോഷമായി വന്നത്. ഗൌരി^ ഷാരുഖ് ദമ്പദികള്‍ ഇതിനായി ഗര്‍ഭപാത്രം വാടകക്കെടുത്തുവെന്നും, ജൂലായ് മാസം ഒരു ആണ്‍കുട്ടി പുറത്തുവരും എന്നുമായിരുന്നു വാര്‍ത്ത. ഷാറൂഖിന്റെ കുടുംബാംഗങ്ങളെ ഉദ്ധരിച്ചു വന്ന വാര്‍ത്ത നടനോ ബന്ധപ്പെട്ടവരോ നിഷേധിച്ചതുമില്ല.

വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ഇന്ത്യന്‍ റേഡിയോളജിക്കല്‍ ആന്റ് ഇമാജിംഗ് അസോസിയേഷനാണ് ഷാരൂഖിന് എതിരെ മഹാരാഷ്ട്ര ആരോഗ്യമന്ത്രാലയത്തില്‍ പാരാതിപ്പെട്ടത്. ഗര്‍ഭസ്ഥശിശുവിന്‍റെ ലിംഗ നിര്‍ണ്ണയം ഇന്ത്യയില്‍ ക്രിമിനല്‍ കുറ്റമായിരിക്കെ ജനിക്കാന്‍ പോകുന്നത് ആണ്‍കുഞ്ഞാണെന്ന് ഷാറൂഖ് ഖാന്‍ എങ്ങിനെ അറിഞ്ഞു എന്നണ് ഐആര്‍ഐഎം ചോദിക്കുന്നത്.

മാധ്യമ വാര്‍ത്തകള്‍ ശരിയാണെങ്കില്‍ പരിശോധന നടത്തിയ റേഡിയോളജിസ്റ്, ഡോക്ടര്‍, ഷാരൂഖ് ഖാന്‍, ഭാര്യ ഗൌരി എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. പരാതിയെ കുറിച്ച് അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
അമീര്‍ഖാന്‍^കിരണ്‍ റാവു ദമ്പതികള്‍ അടക്കം കുട്ടികളുണ്ടാവാത്ത നിരവധി പ്രമുഖരെ മാതാപിതാക്കളാവാന്‍ സഹായിച്ച ഡോ. ഫിറൂസ പരീഖാണ് ഷാരൂഖിന്റെയുെം ഗൌരിയുടെയും ഡോക്ടര്‍. ലിഗ നിര്‍ണ്ണയ വിവാദത്തോടും ഷാരൂഖ് പ്രതികരിച്ചിട്ടില്ല. 15 കാരനായ ആര്യനും 13 കാരി സുഹാനയുമാണ് ശാരുഖ് ഖാന്റെ മറ്റ് രണ്ട് മക്കള്‍.