ഗുരുദേവ ദർശനങ്ങളിൽ ഊന്നിയുള്ള വികസന പ്രവർത്തനമാണു നരേന്ദ്രമോദി നടത്തുന്നതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ

എരുമേലി ∙ ഗുരുദേവ ദർശനങ്ങളിൽ ഊന്നിയുള്ള വികസന പ്രവർത്തനമാണു നരേന്ദ്രമോദി നടത്തുന്നതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സത്യത്തിനും നീതിക്കുംവേണ്ടി നിലകൊണ്ട ഹിന്ദു സമൂഹം ഇപ്പോൾ പടുകുഴിയിലാണെന്നും അദ്ദേഹം പറഞ്ഞു. എരുമേലിയിൽ എസ്എൻഡിപിയുടെ നേതൃത്വത്തിൽ നടത്തിയ ഹിന്ദു മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി. ജാതിയുടെയും മതത്തിന്റെയും പിൻബലത്തിൽ ചിലർ അധികാരകേന്ദ്രങ്ങൾ പിടിച്ചടക്കി.

നീതി പറഞ്ഞവർ പടുകുഴിയിലുമായി. ജാതി വിവേചനമാണു ജാതി പറയാനിടയാക്കിയത്. ചിഹ്നം നോക്കി വോട്ടുകുത്തുന്നതിനു പകരം പേര് നോക്കി വോട്ട് ചെയ്യണം. ആദർശരാഷ്ട്രീയം പറയുന്നവർ എല്ലാ വിഭാഗങ്ങളെയും ഒരുപോലെ കാണുന്നില്ല. യുഡിഎഫിൽ ഇടമില്ലാത്തവർക്കു പോലും എൽഡിഎഫ് ഇടംകൊടുത്തിരിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. സുധീരൻ കുശുമ്പനാണെന്നും വിഎസ് മൈക്രോഫിനാൻസിന്റെ പേരിൽ വ്യാജം പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. യോഗത്തിൽ സ്വാമി സത്‌സ്വരൂപാനന്ദ അധ്യക്ഷത വഹിച്ചു. എ.ഗോപാലകൃഷ്ണൻ, പ്രീതി നടേശൻ, എസ്എൻഡിപി യൂണിയൻ സെക്രട്ടറി ശ്രീപാദം ശ്രീകുമാർ, കെ.ബി.ഷാജി, സുഷിൽകുമാർ, പൂഞ്ഞാർ എൻഡിഎ സ്ഥാനാർഥി എം.ആർ.ഉല്ലാസ് എന്നിവർ പ്രസംഗിച്ചു.