ഗ്രാമീണറോഡുകൾ നന്നാക്കാൻ 1.28 കോടിയുടെ പദ്ധതി ഉടൻ

കാഞ്ഞിരപ്പള്ളി ∙ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലെ മണിമല, കാഞ്ഞിരപ്പള്ളി, പാറത്തോട്, മുണ്ടക്കയം, കൂട്ടിക്കൽ, കോരുത്തോട്, എരുമേലി പഞ്ചായത്തുകളിൽ സഞ്ചാരയോഗ്യമല്ലാതെ തകർന്നുകിടക്കുന്ന ഗ്രാമീണ റോഡുകൾ പുനരുദ്ധരിക്കാൻ 1.28 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങുമെന്നു ബ്ലോക്ക് പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് ജോളി മടുക്കക്കുഴി അറിയിച്ചു.

കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ തമ്പലക്കാട് –എംഎൻ ലിങ്ക് റോഡ്, കോവിൽകടവു –പാറക്കടവു റോഡ്, കാഞ്ഞിരപ്പള്ളി –മൈത്രി നഗർറോഡ്, കാഞ്ഞിരപ്പള്ളി– ആനിത്തോട്ടം റോഡ്, പാറത്തോട് പഞ്ചായത്തിൽ ഗ്രേസിപ്പടി –പുളിമൂട് റോഡ്, ഒന്നാം മുക്കാലി– വേളാങ്കണ്ണിമാതാ പള്ളി റോഡ്, മുണ്ടക്കയം പഞ്ചായത്തിൽ സ്രാമ്പി–മുളങ്കാനം റോഡ്, എരുമേലി പഞ്ചായത്തിൽ ഏയ്ഞ്ചൽവാലി–ഏനാമറ്റം റോഡ്, കനകപ്പലം–കൊച്ചിപ്പടി റോഡ്, കോരൂത്തോട് പഞ്ചായത്തിലെ മടുക്ക–പൊട്ടംകുളം റോഡ്, കൊട്ടാരംകട–മാങ്ങാപ്പേട്ട റോഡ്, കൂട്ടിക്കൽ പഞ്ചായത്തിലെ കൂട്ടിക്കൽ–വല്ലീറ്റ റോഡ്, ഞർക്കാട് ഗുരുമന്ദിരം– കൂപ്പ് റോഡ്, പ്ലാപ്പള്ളി– മാന്തീണ്ടി റോഡ് തുടങ്ങി പതിനഞ്ചോളം റോഡുകളുടെ പുനരുദ്ധാരണത്തിനു തുക വിനിയോഗിക്കും.

കൂടാതെ വനിതാ തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റ്, കമ്യൂണിറ്റി ഹെൽത്ത് സെന്റർ തുടങ്ങി വിവിധ വകുപ്പുകളുടെ കെട്ടിട നിർമാണങ്ങൾക്കും അറ്റകുറ്റപ്പണികൾക്കുമായി 1.41 കോടി രൂപയും അനുവദിച്ചു. മണ്ണു സംരക്ഷണത്തിനു 92 ലക്ഷവും കുടിവെള്ള പദ്ധതികൾക്കും ജലസേചന പദ്ധതികൾക്കും ഗ്രാമീണ തോടുകളിൽ തടയണ നിർമിക്കുന്നതിനുമായി 91 ലക്ഷം രൂപയും, വിവിധ കോളനികളുടെ അടിസ്ഥാന വികസനത്തിനായി 22 ലക്ഷം രൂപയും പ്ലാൻ ഫണ്ടിൽനിന്ന് അനുവദിച്ചതായി ആക്ടിങ് പ്രസിഡന്റ് അറിയിച്ചു.

ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച പദ്ധതികളുടെ ടെൻഡർ നടപടികൾ പൂർത്തിയായതായും, നിർമാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങുമെന്നും ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് ജോളി മടുക്കക്കുഴിയുടെ അധ്യക്ഷതയിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.എ. ഷെമീർ, റോസമ്മ ആഗസ്തി, ലീലാമ്മ കുഞ്ഞുമോൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.കെ. അബ്ദുൾ കരീം, വി.ടി. അയൂബ്ഖാൻ, അന്നമ്മ ജോസഫ്, മറിയമ്മ , ആശാജോയി, സോഫി ജോസഫ്, പ്രകാശ് പള്ളിക്കൂടം, ശുഭേഷ് സുധാകരൻ, ജയിംസ് പി. സൈമൺ, പി.ജി. വസന്തകുമാരി, അജിതാ രതീഷ് എന്നിവർ വിവിധ ചർച്ചകളിൽ പങ്കെടുത്തു സംസാരിച്ചു.