ഗ്വാ ഗ്വാ വിളികളുമായി വീണ്ടും ആന്റോ ആന്റണി യും പി സി ജോർജ്ജും

pc new1
ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ആന്റോ ആന്റണി യും പി സി ജോർജ്ജും ഗ്വാ ഗ്വാ വിളികളുമായി വീണ്ടും കളത്തിൽ ഇറങ്ങി .

പൂഞ്ഞാറില്‍ ആന്റോ ആന്റണിക്കെതിരേ വധശ്രമം ഉണ്ടായെങ്കില്‍ അതില്‍ തന്റെ പേര് വലിച്ചിഴയ്ക്കുന്നതെന്തിനാണെന്നു ചീഫ് വിപ്പ് പി.സി. ജോര്‍ജ് ചോദിക്കുന്നു. ആന്റോയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ സംഘം ഇറങ്ങിയിട്ടുണ്ടെന്നുള്ളത് രാഷ്ട്രീയകൗതുകം മാത്രമാണെന്നും ഇതൊരു തമാശയായി മാത്രമേ കാണുന്നുള്ളുവെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

വായില്‍ തോന്നുന്നതെല്ലാം വിളിച്ചുപറയുന്ന പി.സി.ജോര്‍ജിനു മറുപടി പറയാന്‍ തന്റെ നിലവാരം അനുവദിക്കുന്നില്ലെന്ന് ആന്റോ ആന്റണി മറുപടി പറഞ്ഞു. മുമ്പിലും പിമ്പിലും പോലീസ് വാഹനങ്ങളും ഇടയ്ക്കു ക്വട്ടേഷന്‍ സംഘങ്ങളുമായാണ് പി.സി.ജോര്‍ജ് നടക്കുന്നത്. ഇതൊന്നുമില്ലാതെയാണ് താന്‍ ഇത്രയും കാലം ജനങ്ങളുടെയിടയില്‍ കഴിഞ്ഞതെന്ന് ആന്റോ പറഞ്ഞു. തനിക്കുണ്ടായ ഭീഷണിയേ തുടര്‍ന്ന് പോലീസ് സംരക്ഷണം തേടിയതിനെ ക്കുറിച്ച് ആക്ഷേപം ഉന്നയിക്കാന്‍ ജോര്‍ജിന് അര്‍ഹതയില്ല.

ജോര്‍ജിന്റെ ഭീഷണി തനിക്കുണ്ടെന്നു പറഞ്ഞിട്ടില്ല. അദ്ദേഹം ഇത് ഏറ്റുപിടിച്ചിരിക്കുകയാണ്. ഇത്രയുംകാലം ഒറ്റയ്ക്കാണ് താന്‍ ജനങ്ങളുടെയിടയില്‍ കഴിഞ്ഞത്. ഇനി അങ്ങനെതന്നെയാകുകയും ചെയ്യും.

വോട്ടെടുപ്പിനുശേഷം തന്റെ ജീവനു ഭീഷണിയുണ്ടെന്ന വിവരം തന്നതു പോലീസാണ്. അന്ന് ഗൗരവത്തിലെടുത്തിരുന്നില്ലെന്നും സംരക്ഷണം നല്‍കാനെത്തിയ പോലീസിനെ മടക്കി അയയ്ക്കുകയായിരുന്നുവെന്നും ആന്റോ പറഞ്ഞു.

എന്നാല്‍ തന്നെയും കുടുംബാംഗങ്ങളെയും വകവരുത്താന്‍ ക്വട്ടേഷന്‍ സംഘങ്ങളെ ഇറക്കിയിട്ടുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, കോട്ടയം എസ്പി എന്നിവര്‍ക്കു പരാതി നല്‍കിയത്.