ഗൗട്ട് രോഗത്തെ കരുതിയിരിക്കണം

യൂറിക് ആസിഡ് ശരീരത്തില്‍ സ്വാഭാവികമായി ഉണ്ടാവുന്നതാണ്. മൂത്രം വഴി ഇത് പുറത്തുപോകുന്നു. എന്നാല്‍ ചിലരില്‍ ഇത്തരത്തില്‍ പുറന്തള്ളാനുള്ള കഴിവ് കുറവായിരിക്കും.

സന്ധികളില്‍ അമിതമായി യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നതാണ് ഗൗട്ട് എന്ന ഇന്‍ഫ്ലമേറ്ററി ആര്‍ത്രൈറ്റിസ് രോഗത്തിന് കാരണം. യൂറിക് ആസിഡ് ശരീരത്തില്‍ സ്വാഭാവികമായി ഉണ്ടാവുന്നതാണ്. മൂത്രം വഴി ഇത് പുറത്തുപോകുന്നു. എന്നാല്‍ ചിലരില്‍ ഇത്തരത്തില്‍ പുറന്തള്ളാനുള്ള കഴിവ് കുറവായിരിക്കും. അത്തരം ആളുകളില്‍ രക്തത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുന്നു. അവ സന്ധികളില്‍ ചെന്ന് അടിയുന്നു. ഇത് ഒരു പരിധിയില്‍ അധികമായാല്‍ സന്ധികളില്‍ നിന്നും സൈനോവിയത്തിലേക്ക് കടക്കുന്നു. അപ്പോള്‍ നീര്‍വീക്കവും വേദനയും ഉണ്ടാകുന്നു. ചിലപ്പോള്‍ യൂറിക് ആസിഡ് തൊലിക്കടിയില്‍ മുഴകളായി(ടോഫി) പ്രത്യക്ഷപ്പെടുന്നു.ചിലരില്‍ ഇത് മൂത്രത്തില്‍ കല്ലുകളായും അടിയാറുണ്ട്.
കാരണങ്ങള്‍

ജനിതകഘടകങ്ങളും ജീവിതശൈലിയും ഗൗട്ടിന് ഇടയാക്കാറുണ്ട്.ജനിതക കാരണങ്ങള്‍ കൊണ്ടാണെങ്കില്‍ രോഗം കൗമാരപ്രായത്തില്‍ തന്നെ തുടങ്ങും. ജീവിതശൈലി മാറ്റങ്ങളാണ് ഗൗട്ടിന്റെ മറ്റൊരു കാരണം. അമിതമായ മദ്യ ഉപയോഗവും കൊഴുപ്പ് നിറഞ്ഞ ആഹാരവും വ്യായാമക്കുറവുമെല്ലാം ഇതിലേക്ക് നയിക്കുന്നു.

ബാധിക്കുന്നതെവിടെ
കാലിലെ തള്ളവിരലിലെ സന്ധികളെയാണ് ഗൗട്ട് പ്രധാനമായി ബാധിക്കുന്നത്. പെരുവിരലും പാദം ചേരുന്ന ഭാഗവും ചുവന്നു തടിക്കും. ഈ ഭാഗം പുറത്തേക്ക് തള്ളിനില്‍ക്കും.

ലക്ഷണം
ഗൗട്ടിന്റെ ലക്ഷണം വളരെ പെട്ടന്നാണ് പ്രകടമാവുക. രാവിലെ ഉറക്കമെഴുന്നേല്‍ക്കുമ്പോള്‍ കാലിലെ പെരുവിരലിലെ സന്ധിയില്‍ കഠിനമായവേദനയുണ്ടാകും. വേദനസംഹാരികളോ സ്റ്റിറോയിഡോ ഉപയോഗിക്കുന്നതോടെ വേദന കുറയും. ചികിത്സ തേടിയില്ലെങ്കില്‍ മാസങ്ങള്‍ കഴിഞ്ഞാല്‍ ഇത് ആവര്‍ത്തിക്കും. മറ്റേതെങ്കിലും ശരീരഭാഗങ്ങളില്‍ പിന്നെ സന്ധിവീക്കം പ്രത്യക്ഷപ്പെടാം.

രോഗനിര്‍ണയം
രോഗചരിത്രവും സന്ധികളിലെ വീക്കവും പ്രാഥമിക പരിശോധനയിലൂടെ മനസ്സിലാക്കുന്നു. ചിലപ്പോള്‍ രോഗം ബാധിച്ച സന്ധിയില്‍ നിന്നും സൈനോവിയല്‍ ദ്രവം കുത്തിയെടുത്ത് മൈക്രോസ്‌കോപ്പിന്റെ സഹായത്തോടെ പരിശോധിക്കും. യൂറിക് ആസിഡിന്റെ അംശം കണ്ടെത്തിയാല്‍ ഗൗട്ട് ഉറപ്പാക്കാം.എക്‌സറേയും അള്‍ട്രാ സൗണ്ട് സ്‌കാനിങ്ങും രോഗം സ്ഥിരീകരിക്കാന്‍ സഹായിക്കും. രക്തത്തിലെ യൂറിക് ആസിഡിന്റെ നിലയും പരിശോധിക്കും. ഗൗട്ട് ഉള്ളവരില്‍ യൂറിക് ആസിഡിന്റെ അളവ് ഏഴ് മില്ലി ഗ്രാമില്‍ കൂടുതലായിരിക്കും.

ചികിത്സ
ചികിത്സിച്ച് പൂര്‍ണമായും ഭേദമാക്കാന്‍ സാധിക്കുന്ന രോഗമാണ് ഗൗട്ട്. സന്ധികളിലെ നീര്‍ക്കെട്ട് കുറയാനുള്ള മരുന്നുകള്‍ ഉപയോഗിച്ചാണ് ആദ്യ ചികിത്സ. വര്‍ഷത്തില്‍ ഒന്നിലധികം തവണ ഗൗട്ട് വേദന വന്നാല്‍ യൂറിക് ആസിഡ് കുറയ്ക്കാനുള്ള പ്രത്യേക മരുന്നുകള്‍ നിര്‍ദ്ദേശിക്കും. ഏറെക്കാലം തുടര്‍ച്ചയായി ഉപയോഗിക്കേണ്ട മരുന്നുകളാണ് ഇവ.