ചക്കക്കുരുവിലെ പോഷകങ്ങള്‍

ചക്കക്കുരുവിലെ പോഷകഘടകങ്ങളെക്കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്

കേരളത്തിന്റെ മണ്ണില്‍ നന്നായി തഴച്ചു വളരുന്ന വൃക്ഷമാണ് പ്ലാവ്. കന്നി,തുലാം,വൃശ്ചികം,മകരം എന്നീ മാസങ്ങളിലാണ് ചക്ക സാധാരണയായി കായ്ച്ചു വരുന്നത്. കാലം തെറ്റി വരുന്ന മഴയും മഞ്ഞുമെല്ലാം ചക്ക കായ്ക്കുന്ന സമയത്തിലും വ്യതിയാനമുണ്ടാക്കിയിരിക്കുന്നുവെന്ന് നമുക്കറിയാം. അപൂര്‍വമായി കര്‍ക്കിടക മാസത്തില്‍ കായ്ക്കുന്ന പ്ലാവുകളും വര്‍ഷം മുഴുവന്‍ കായ്ക്കുന്ന പ്ലാവുകളുമുണ്ട്. ചക്ക രണ്ടിനങ്ങളായാണ് തരംതിരിച്ചിട്ടുള്ളത്. വരിക്കയും കൂഴയും. കോഴിക്കോട് ജില്ലയിലെ മലയോരങ്ങളിലും ഉള്‍നാടന്‍ ഗ്രാമങ്ങളിലും ഉണ്ടാകുന്ന ചക്കകള്‍ക്ക കൂടുതല്‍ മധുരമുണ്ടെന്നതില്‍ സത്യാവസ്ഥയുണ്ടോ?

ചക്കക്കുരുവിലെ പോഷകങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം

100 ഗ്രാം ചക്കക്കുരുവില്‍ നിന്നും 133 കലോറി ഊര്‍ജ്ജം ലഭിക്കും. മാംസ്യം,അന്നജം, ഇരുമ്പ്, കൊഴുപ്പ്, സോഡിയം,പൊട്ടാസ്യം തുടങ്ങിയവ ചുളയിലുള്ളതിനേക്കാള്‍ വര്‍ദ്ധിച്ച തോതില്‍ അടങ്ങിയിരിക്കുന്നു. പ്രോട്ടീന്‍ സമ്പുഷ്ടമായിട്ടുള്ള ചക്കക്കുരുവില്‍ കൊഴുപ്പിന്റെ അംശം വളരെ കുറവാണ്.

100 ഗ്രാം ചക്കക്കുരുവില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങള്‍

ജലാംശം- 51.6 -57.77 ഗ്രാം
പ്രോട്ടീന്‍- 6.6 ഗ്രാം
കൊഴുപ്പ്- 0.4 ഗ്രാം
കാര്‍ബോഹൈഡ്രേറ്റ്‌സ്- 38.4 ഗ്രാം
നാര്- 1.5 ഗ്രാം
പൊട്ടാസ്യം- 1.25-1.50 ഗ്രാം
കാല്‍സ്യം-0.05 – 0.55 മി.ഗ്രാം
ഫോസ്ഫറസ്-0.13-0.23 മി.ഗ്രാം
അയേണ്‍-0.002-1.2 മിഗ്രാം

നാരുള്ള ഭക്ഷ്യപദാര്‍ത്ഥം എന്നതിലുപരി കൊളസ്‌ട്രോള്‍ തീരെയില്ലെന്നതും ചക്കയുടെ പ്രത്യേകതയാണ് . മാംസ്യം, അന്നജം, ജീവകങ്ങള്‍ എന്നിവയുടെ കലവറയാണ് ചക്ക. ചക്കയിലുള്ള ജീവകം ബി രക്തത്തിലെ അപകടകാരിയായ ഘടകങ്ങളുടെ അളവ് കുറയ്ക്കുന്നതിനാല്‍ ഹൃദ്രോഗ സാദ്ധ്യത കുറയ്ക്കുന്നു. ചക്കയിലെ ഫൈറ്റോ ന്യൂട്രിയസ് അര്‍ബുദത്തെ പ്രതിരോധിക്കും. ചക്കയില്‍ ജാക്കലിന്‍ എന്ന ഒരു പദാര്‍ഥം അടങ്ങിയിരിക്കുന്നതായി കണ്ടുപിടിച്ചിട്ടുണ്ട്.ജാക്കലിന്‍ വൈറസുകളെ നശിപ്പിക്കുകയും എയ്ഡ്‌സിനെ പ്രതിരോധിക്കുകയും ചെയ്യുമെന്ന് കണ്ടെത്തിയിട്ടുണ്ട്‌.

ചക്കക്കുരുവിലെ തവിട്ടു നിറത്തില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന തൊലിയിലാണ് കാന്‍സറിനെയും എയ്ഡ്‌സിനെയും ചെറുക്കുന്ന ഘടകങ്ങള്‍ കൂടുതലായി അടങ്ങിയിരിക്കുന്നത്. ഔഷധ മൂല്യം മനസ്സിലാക്കി കുരുവിനോട് ഒട്ടിപ്പിടിച്ച് കിടക്കുന്ന തൊലി കളയാതെ ഉപയോഗിക്കണം.