ചന്ദനക്കുടം ദർശിക്കാൻ ആയിരങ്ങളെത്തി

എരുമേലി∙ മാനവ സാഹോദര്യത്തിന്റെ ഉദാത്ത മാതൃക നാടിനു നൽകിയ ചന്ദനക്കുടം ദേശവഴികളിൽ ചന്ദനസുഗന്ധം നിറച്ചു; കണ്ണിനും കാതിനും ഇമ്പം പകർന്നു. രാവേറെ കാത്തിരുന്ന പുരുഷാരം ആനന്ദലഹരിയിൽ ചുവടുകൾ വച്ചു. മഹല്ല് മുസ്‌ലിം ജമാ അത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചന്ദനക്കുടം ദർശിക്കാൻ ആയിരങ്ങളെത്തി. ഇന്നത്തെ പേട്ടതുള്ളലിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു നടന്ന ചന്ദനക്കുടം ഘോഷയാത്ര മന്ത്രി എ.സി.മൊയ്തീൻ പേട്ടക്കവലയിൽ ഫ്ലാഗ് ഓഫ് ചെയ്തു.

സന്ധ്യ കഴിഞ്ഞതോടെ നഗരം കൂടുതൽ പ്രഭാപൂരിതമായി. നിറക്കാഴ്ചകളുടെ പൂരമായി പിന്നെ. നെറ്റിപ്പട്ടമണിഞ്ഞ ഗജവീരൻമാർ, ചെണ്ടമേളം, ശിങ്കാരിമേളം, കൊട്ടക്കാവടി, അമ്മങ്കുടം, പമ്പമേളം, മയിലാട്ടം, മാപ്പിള ഗാനമേള എന്നിവ ആഘോഷത്തിനു കൊഴുപ്പുകൂട്ടി. ചന്ദനക്കുടം ഘോഷയാത്ര ദർശിക്കാൻ തെരുവുകളിൽ ജനം ഉറക്കമൊഴിഞ്ഞു കാത്തുനിന്നു. ചരള, ബസ് സ്റ്റാൻഡ്, പേട്ടക്കവല, കൊച്ചമ്പലം, വലിയമ്പലം, ചെമ്പകത്തുങ്കൽ മൈതാനം, പൊലീസ് സ്റ്റേഷൻ, കെഎസ്ആർടിസി, മാർക്കറ്റ്, വിലങ്ങുപാറ വഴി ടൗൺ നൈനാർ മസ്ജിദിൽ ഘോഷയാത്ര തിരികെ എത്തി.

ഘോഷയാത്രയ്ക്കു മുന്നോടിയായി നടന്ന യോഗത്തിൽ ജമാ അത്ത് പ്രസിഡന്റ് പി.എ.ഇർഷാദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.യു.അബ്ദുൽ‍കരിം, ആന്റോ ആന്റണി എംപി, പി.സി.ജോർജ് എംഎൽഎ, ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, അംഗം ശങ്കർദാസ്, കലക്ടർ ബി.എസ്.തിരുമേനി, ജില്ലാ പൊലീസ് മേധാവി വി.എം.മുഹമ്മദ് റഫീക്, സിപിഎം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ, വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ എം.കെ.സാദിക്, പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാർ, അസംപ്ഷൻ ഫൊറോന പള്ളിവികാരി ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, ജില്ലാ പഞ്ചായത്ത് അംഗം മാഗി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.കെ. അബ്ദുൽകരിം, കെ.ആർ.അജേഷ്, ജസ്ന നജീബ്, ഫാരിസ ജമാൽ,

എസ്എൻഡിപി യൂണിയൻ സെക്രട്ടറി ശ്രീപാദം ശ്രീകുമാർ, എൻഎസ്എസ് കരയോഗം പ്രസിഡന്റ് ടി.അശോക് കുമാർ, വെള്ളാള മഹാസഭ യൂണിയൻ പ്രസിഡന്റ് ഗോപിനാഥപിള്ള, അഖില കേരള വിശ്വകർമ മഹാസഭ ശാഖാ പ്രസിഡന്റ് എ.കെ.സത്യൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി മുജീബ് റഹ്മാൻ, വ്യാപാരി വ്യവസായി സമിതി യൂണിറ്റ് സെക്രട്ടറി ഹരികുമാർ എന്നിവർ പ്രസംഗിച്ചു. ചന്ദനക്കുടത്തിന്റെയും അമ്പലപ്പുഴ, ആലങ്ങാട് പേട്ടതുള്ളലിന്റെയും ആഘോഷങ്ങളുടെ ഭാഗമായി നാട് ഉൽസവ ലഹരിയിലായി. ഇന്നു നടക്കുന്ന ചരിത്ര പ്രസിദ്ധമായ പേട്ടതുള്ളലിനായി അമ്പലപ്പുഴ ആലങ്ങാട് സംഘങ്ങളെത്തി.

എരുമേലിയുടെ മതസൗഹാർദത്തെ പ്രശംസിച്ച് മന്ത്രി ലോകത്തിന് അനുകരണീയമായ മാതൃകയാണ് എരുമേലിയെന്ന് മന്ത്രി എ.സി.മൊയ്തീൻ. അയ്യപ്പഭക്തർ മുസ്‌ലിം പള്ളിയിൽ പ്രവേശിച്ച് വാവരു സ്വാമിയെ വണങ്ങുന്ന കാഴ്ച ആരിലും അഭിമാനമുണർത്തുമെന്ന് അദ്ദേഹം പറഞ്ഞു. ചന്ദനക്കുടം ആഘോഷത്തിനു മുന്നോടിയായി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചന്ദനക്കുടം ദർശിച്ച് നാട് ‌ചന്ദനക്കുടം ഘോഷയാത്രയ്ക്കു മുന്നോടിയായി ജമാ അത്ത് ഓഫിസിൽ അമ്പലപ്പുഴ പേട്ടതുള്ളൽ സംഘവും ജമാ അത്ത് കമ്മിറ്റി ഭാരവാഹികളുമായി നടന്ന സൗഹൃദസംഗമം അയ്യപ്പസ്വാമിയും വാവരു സ്വാമിയും തമ്മിലുള്ള ഊഷ്മള ബന്ധത്തിന്റെ ഓർമപുതുക്കലായി. ജമാ അത്ത് കമ്മിറ്റി പ്രസിഡന്റ് പി.എ.ഇർഷാദ്, അമ്പലപ്പുഴ സംഘം പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായർ എന്നിവർ സംഗമത്തിനു നേതൃത്വം നൽകി.

ജമാ അത്ത് കമ്മിറ്റി ഭാരവാഹികളായ സി.യു.അബ്ദുൽകരിം, കെ.എ.അബ്ദുൽസലാം, വി.പി.അബ്ദുൽകരിം, കെ.എച്ച്.നൗഷാദ്, പി.എച്ച്.ഷാജഹാൻ, നിസാർ പ്ലാമൂട്ടിൽ, ഹക്കിം മാടത്താനി, സി.എ.എ.കരിം, റെജി ചക്കാലയിൽ, അൻസാരി പാടിക്കൽ, നൈസാം പി. അഷറഫ്, അനീഷ് ഇളപ്പുങ്കൽ, നാസർ പനച്ചിയിൽ, റഫീക് കിഴക്കേപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി. അമ്പലപ്പുഴ സംഘം മണിമലക്കാവ് ദേവീക്ഷേത്രത്തിൽ ആഴിപൂജയ്ക്കുശേഷം ഇന്നലെ ഉച്ചയോടെ അമ്പലപ്പുഴ പേട്ടതുള്ളൽ സംഘം എരുമേലിയിൽ എത്തി. സമൂഹ പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായരുടെ നേതൃത്വത്തിൽ അഞ്ഞൂറിൽപ്പരം അയ്യപ്പൻമാരാണ് ഇന്നലെ എത്തിച്ചേർന്നത്.

രഥഘോഷയാത്രയായി എത്തിയ സംഘത്തിന് നാട് സ്വീകരണം നൽകി. ഉച്ചയോടെയാണ് തുള്ളൽ. ആലങ്ങാട് സംഘം സമൂഹ പെരിയോൻ എ.കെ.വിജയകുമാറിന്റെ നേതൃത്വത്തിലുള്ള ആലങ്ങാട് സംഘവും ഇന്നലെ എരുമേലിയിൽ എത്തി. ഇന്നലെ വിരിസ്ഥാനത്തിൽ പൂജകളും പീഠംവയ്ക്കലും നടത്തി. വെള്ള വസ്ത്രമണിഞ്ഞ് കളഭം ചാർത്തിയാണ് സംഘത്തിന്റെ തുള്ളൽ. ഉച്ചകഴിഞ്ഞാണ് തുള്ളൽ. അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങൾക്ക് വിവിധ സംഘടനകൾ സ്വീകരണം നൽകും.

താഴത്തുവീട് സന്ദർശിച്ച് അമ്പലപ്പുഴ സംഘം കാലങ്ങളായി വാവരു സ്വാമിയുടെ പ്രതിനിധിയായി പേട്ടതുള്ളലിൽ പങ്കെടുത്തിരുന്ന താഴത്തുവീട്ടിൽ ഹസൻ റാവുത്തരുടെ വീട്ടിൽ അമ്പലപ്പുഴ സംഘം സന്ദർശനം നടത്തി. ഇന്നലെ രാത്രിയാണ് പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായരും സംഘവും താഴത്തു വീട് സന്ദർശിച്ചത്. ഹസൻ റാവുത്തരുമായി ഉണ്ടായിരുന്ന ഊഷ്മള ബന്ധം സംഘം ഹസൻ റാവുത്തരുടെ മകൻ ടി.എച്ച്.ആസാദുമായി പങ്കുവച്ചു. ഹസൻ റാവുത്തരുടെ മരണശേഷം എല്ലാ മണ്ഡല കാലത്തും താഴത്തുവീട്ടുകാർ അമ്പലപ്പുഴ ക്ഷേത്രത്തിൽ അന്നദാനം നടത്താറുണ്ട്.

പേട്ടതുള്ളൽ കാണാൻ ലാൽ ജോസും എരുമേലിയുടെ മതസാഹോദര്യം നന്നേ ഇഷ്ടപ്പെട്ട സംവിധായകൻ ലാൽ ജോസ് അമ്പലപ്പുഴ പേട്ടതുള്ളൽ സംഘം സമൂഹ പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായരെ സന്ദർശിച്ചു. എരുമേലി ധർമശാസ്താ ക്ഷേത്രത്തിനു സമീപം സംഘത്തിന് ദേവസ്വം ബോർഡ് ഒരുക്കിയിട്ടുള്ള സ്ഥലത്തെത്തിയാണ് ലാൽ ജോസ് സമൂഹ പെരിയോനെ കണ്ടത്. സംവിധായകൻ ഇസ്മായിൽ ഹസനൊപ്പമാണ് ലാൽ ജോസ് എത്തിയത്. ഇന്നു നടക്കുന്ന അമ്പലപ്പുഴ, ആലങ്ങാട് പേട്ടതുള്ളൽ കാണാൻ ലാൽ ജോസ് എത്തും.

നാരങ്ങാവെള്ളം വിതരണം ചെയ്യും

എരുമേലി∙ സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ പേട്ടതുള്ളൽ സംഘങ്ങൾക്കും നാട്ടുകാർക്കും സൗജന്യ നാരങ്ങാവെള്ളം വിതരണം നടത്തും. സംസ്ഥാന സെക്രട്ടറി ശങ്കർജി ഉദ്ഘാടനം ചെയ്യും. രാവിലെ 11.30ന് ആരംഭിക്കും. എൻഎസ്എസ് കരയോഗം ആഭിമുഖ്യത്തിൽ തീർഥാടകർക്ക് മോരുംവെള്ള വിതരണം നടക്കും. കേരള വെള്ളാള മഹാസഭ ആഭിമുഖ്യത്തിൽ അവൽ വിതരണവും നടക്കും.