ചരക്കുവാഹനങ്ങളിൽ തീർഥാടകർ: നടപടിയെന്ന് മോട്ടോർ വാഹന വകുപ്പ്

കാഞ്ഞിരപ്പള്ളി∙ ശബരിമല തീർഥാടകർ ലോറികൾ, മിനി ലോറികൾ എന്നിവയടക്കമുള്ള ചരക്കുവാഹനങ്ങളിൽ സഞ്ചരിക്കുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്നു മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. അന്യസംസ്ഥാനങ്ങളിൽനിന്നു പിൻവശത്തു നിറയെ ആളുകളുമായി ചരക്കുവാഹനങ്ങൾ എത്തുന്നുണ്ട്. ചരക്കുവാഹനങ്ങളിൽ ക്യാബിനുള്ളിലല്ലാതെ യാത്രക്കാരെ കയറ്റാൻ നിയമം അനുവദിക്കില്ല. ഏതാനും വർഷം മുൻപ് ഇതരസംസ്ഥാനത്തുനിന്നു തീർഥാടകർ എത്തിയ ലോറി മറിഞ്ഞു വൻ അത്യാഹിതം ഉണ്ടായതിനെ തുടർന്നു ചരക്കുലോറികളിൽ തീർഥാടകരുടെ സഞ്ചാരം തടഞ്ഞുകൊണ്ടു കോടതിയും ഉത്തരവിറക്കിയിരുന്നു.

ചരക്കുവാഹനങ്ങളിൽ യാത്രചെയ്യുന്നതു സുരക്ഷിതമല്ലെന്നു കണ്ടെത്തിയതിനെ തുടർന്നാണു കോടതിവിധിയുണ്ടായത്. തുടർന്നുള്ള വർഷങ്ങളിൽ കേരളത്തിലേക്കു കടക്കുന്ന എല്ലാ ചെക്ക് പോസ്റ്റുകളിലും ഇത്തരത്തിൽ യാത്രക്കാരുമായി എത്തുന്ന ചരക്കുവാഹനങ്ങൾ തടയുകയും, പകരം അവർക്കു യാത്രാവാഹനങ്ങൾ ഏർപ്പാടാക്കി നൽകി കടത്തിവിടുകയുമാണു ചെയ്തിരുന്നത്. എന്നാൽ ഈ വർഷം അന്യസംസ്ഥാനങ്ങളിൽനിന്നു കൂടുതൽ ചരക്കുവാഹനങ്ങളാണു ശബരിമല തീർഥാടകരെയുമായി എത്തുന്നത്. കേരളത്തിലെ കോടതിവിധി അറിയാതെയാണു പല സംസ്ഥാനങ്ങളിൽനിന്നും തീർഥാടകർ എത്തുന്നത്.

ഇതുകൂടാതെ മിനി പിക്കപ്പുകളിൽ കേരളത്തിൽനിന്നുള്ള തീർഥാടകരും പമ്പയിലേക്ക് എത്തുന്നുണ്ട്. മുൻവർഷങ്ങളിൽ മണ്ഡലകാലത്തിന്റെ തുടക്കംമുതലേ ചരക്കുവാഹനങ്ങളിലെ തീർഥാടകരുടെ യാത്ര തടഞ്ഞു പകരം വാഹന സൗകര്യം ഒരുക്കിനൽകിയിരുന്നു. മണ്ഡലകാലത്ത് അപകടങ്ങൾ കുറയ്ക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ സേഫ് സോൺ സ്ക്വാഡ് കഴിഞ്ഞ ദിവസം മുണ്ടക്കയത്തു തീർഥാടകരുമായി എത്തിയ ലോറി തടഞ്ഞപ്പോൾ ചില സംഘടനകൾ പ്രതിഷേധവുമായെത്തി.

എന്നാൽ ഇവർ വസ്തുതകൾ അറിയാതെയാണു പ്രതിഷേധമുയർത്തിയതെന്നും അപകടസാധ്യതകൾ മുന്നിൽക്കണ്ടു പരമാവധി അപകടങ്ങൾ കുറയ്ക്കുന്നതിനുവേണ്ടി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവു പാലിക്കുകയാണെന്നും ഇതിനോടു സഹകരിക്കണമെന്നും മോട്ടോർ വാഹന വകുപ്പ് അധിക‍ൃതർ പറയുന്നു. തീർഥാടകരെയും കയറ്റി എത്തുന്ന ചരക്കുവാഹനങ്ങൾക്കെതിരെ നടപടി തുടരുമെന്നും സേഫ് സോൺ അധികൃതർ അറിയിച്ചു.