ചരിത്രം ആവര്‍ത്തിച്ച്് കോരുത്തോട്

മെല്ലെത്തുടങ്ങി വേഗത്തില്‍ ഫിനീഷ് ചെയ്താണ് കോരുത്തോട് സികെഎം എച്ച്എസ്എസ് ഓവറോള്‍ ചാമ്പ്യനായത്.

കാഞ്ഞിരപ്പള്ളി സബ് ജില്ലയിലെ തന്നെ പാറത്തോട് ഗ്രേസി മെമ്മോറിയല്‍ സ്കൂളാണ് അവസാനിമിഷംവരെ കോരുത്തോടിന് വെല്ലുവിളി ഉയര്‍ത്തി രണ്ടാമതെത്തിയത്.

ആദ്യദിനം കോരുത്തോടിന്റെ താരം അക്ഷയമോള്‍ ലോങ്ജംപില്‍ കരസ്ഥമാക്കിയ മീറ്റ്് റെക്കോഡുള്‍പ്പെടെ 13 സ്വര്‍ണവും ഏഴു വെള്ളിയും 13 വെങ്കലവുമടക്കം 90 പോയിന്റുകള്‍ നേടിയാണ് സികെഎം എച്ച്എസ് മറ്റ് സ്കൂളുകളെ ഏറെ ദൂരം പിന്നിലാക്കിയത്. നടത്ത മത്സരങ്ങളിലെ മേധവിത്വവും, ട്രാക്കില്‍ അവസാന ദിനം നടന്ന പ്രധാന മത്സരങ്ങളിലെല്ലാം ഒന്നാംസ്ഥാനത്ത് എത്തിയതുമാണ് അവസാന ദിനത്തില്‍ കോരുത്തോടിന് പകരക്കാരില്ലാതാക്കിയത്.

ആദ്യ രണ്ട്് ദിനങ്ങളിലും പിന്നിലായിരുന്നുവെങ്കിലും നിസ്സാര പോയിന്റുകളുടെ വ്യത്യാസം മൂന്നാംദിനത്തെ മത്സരങ്ങളിലൂടെ മറികടക്കാന്‍ കഴിയുമെന്ന് വിശ്വാസമുണ്ടായിരുന്നൂവെന്ന് പരിശീലകന്‍ വി ബി സജിമോന്‍ പറഞ്ഞു. 17 പെണ്‍കുട്ടികളും, 20 ആണ്‍കുട്ടികളും അടക്കം 37 പേരുമായി എത്തിയ സികെഎം എച്ച്എസ് പത്താംതവണയാണ് ഓവറോള്‍ ചാമ്പ്യന്‍പട്ടം കോരുത്തോട്ടിലേക്ക് കൊണ്ടുപോകുന്നത്. റവന്യുജില്ലാകായികമേളയുടെ ചരിത്രത്തില്‍ ഒരുവര്‍ഷത്തെ ഇടവേള ഒഴികെ ഓവറോള്‍ കോരുത്തോടിന് തന്നെയായിരുന്നു.