ചലനശേഷിയില്ലാത്ത കാലുമായി ബേബിച്ചൻ ശുചീകരിച്ചത് 75 മീറ്റർ ദേശീയപാത

മുണ്ടക്കയം ഈസ്റ്റ്: സ്വന്തം ഗ്രാമത്തിലെ പാതയോരം മോടിയാക്കാൻ വൈകല്യം തടസ്സമല്ലെന്ന് കാട്ടി 67-കാരനായ ബേബിച്ചനും. മരത്തിൽനിന്ന്‌വീണ് നട്ടെല്ല് തകർന്ന്, ഒരു കാൽ മാത്രമുള്ള 36-ാം മൈൽ അമ്പാട്ട് ബേബിച്ചനാണ് പഞ്ചായത്തിന്റെ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളിയായത്.

പെരുവന്താനം ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ മുണ്ടക്കയം ഈസ്റ്റ്‌മുതൽ മുറിഞ്ഞപുഴവരെയുള്ള ദേശീയപാതയോരത്തെ കാടും മാലിന്യങ്ങളും നീക്കി പൂച്ചെടികൾ െവച്ചുപിടിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് വൃത്തിയാക്കൽ നടന്നത്.

തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തിയായിരുന്നു ശുചീകരണം. വിവരം കേട്ടറിഞ്ഞ ബേബിച്ചൻ ഉദ്യമത്തിൽ സ്വയം പങ്കാളിയാകുകയായിരുന്നു. 45 വർഷം മുൻപ് ഇടുക്കി മാങ്കുളത്ത് കൃഷിപ്പണിക്കിടെ മരത്തിൽനിന്നുവീണാണ് അപകടം സംഭവിച്ചത്. എണീറ്റ് നിൽക്കാൻ സാധിക്കാത്തതിനാൽ ചെറിയ സ്റ്റൂളിലിരുന്നാണ് ബേബിച്ചൻ എഴുപത്തി അഞ്ച് മീറ്ററോളം ദേശീയപാത വൃത്തിയാക്കിയത്. കഴിഞ്ഞ മുപ്പത് വർഷമായി പെരുവന്താനം പോലീസ് സ്റ്റേഷനുമുന്നിൽ പെട്ടിക്കട നടത്തുകയാണിദ്ദേഹം.