ചിറക്കടവിലും വാഴൂരിലും സോഡിയം വേപ്പർ ലാമ്പുകൾ തെളിയുന്നില്ല

വാഴൂർ: ചിറക്കടവ്, വാഴൂർ പഞ്ചായത്ത് പരിധിയിൽ വഴിവിളക്കുകൾ ഭൂരിഭാഗവും തെളിയുന്നില്ല. സോഡിയം വേപ്പർ വിളക്കുകൾ ഉൾപ്പെടെയുള്ളവയ്ക്ക് പഞ്ചായത്തുകൾ കെ.എസ്.ഇ.ബി.ക്ക് വൈദ്യുതിചാർജ് നൽകുന്നതാണെങ്കിലും ജനങ്ങൾക്ക് പ്രയോജനപ്പെടുന്നില്ല. ഇവയുടെ പരിപാലനം യഥാസമയം നടത്താത്തതാണ് തെരുവുവിളക്കുകൾ കൂട്ടത്തോടെ തകരാറിലാകാൻ കാരണം.

ഇതുകൂടാതെ എം.എൽ.എ.ഫണ്ടുപയോഗിച്ച് ഇരുപഞ്ചായത്തുകളിലും ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ പ്രവർത്തനക്ഷമമാക്കിയിട്ടില്ല. ഇവയെങ്കിലും തെളിച്ചാൽ വഴിയാത്രക്കാർക്ക് ഉപകാരമാകും. ഇപ്പോൾ തെരുവുവിളക്കുകൾ ഇല്ലാത്തതുമൂലം രാത്രി ഗ്രാമീണപാതകളിൽ സാമൂഹികവിരുദ്ധ ശല്യവുമേറി.