ചിറക്കടവിലെ താല്‍ക്കാലിക നിയമനങ്ങള്‍ക്ക് സ്റ്റേ

പൊന്‍കുന്നം: ചിറക്കടവ് ഗ്രാമപ്പഞ്ചായത്ത് നടത്തിയ താല്‍ക്കാലിക നിയമനങ്ങള്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തു. ക്ലര്‍ക്ക്, സ്വീപ്പര്‍ തസ്തികകളില്‍ നടത്തിയ നിയമനമാണ് സ്റ്റേ ചെയ്തത്.

ജില്ലാ എംപ്ലോയിമെന്റ് ഫോറം സെക്രട്ടറിയും യുവമോര്‍ച്ച ചിറക്കടവ് പഞ്ചായത്ത് സെക്രട്ടറിയുമായ എം.എസ്. സുജിത്‌ലാല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ് കെ. ജോസ് സിറിയക് എന്നിവരടങ്ങിയ ബഞ്ചാണ് ബുധനാഴ്ച സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.

വര്‍ഷങ്ങളായി ഒഴിവ് വരുന്ന തസ്തികകളില്‍ ഭരണസമിതി നേരിട്ട് നിയമനം നടത്തുകയാണ്. എംപ്ലോയിമെന്റ് എക്‌സേഞ്ചിലെ പട്ടികയില്‍ നിന്നും നിയമനം നടത്തണമെന്ന ചട്ടം നിലവിലിരിക്കെയായിരുന്നു പഞ്ചായത്തിന്റെ ഈ നടപടി. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിലിരിക്കെ പഞ്ചായത്ത് പ്രസിഡന്റ് ക്ലര്‍ക്ക് തസ്തികയില്‍ രണ്ട് പേര്‍ക്ക് നിയമനം നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നിയമനം റദ്ദ് ചെയ്ത് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. എന്നാല്‍ ഇതേ ആളുകളെതന്നെ തിരഞ്ഞെടുപ്പിന് ശേഷംവീണ്ടും നിയമിക്കുകയായിരുന്നു.

ഗവണ്‍മെന്റിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലും എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന മാത്രമേ താല്‍ക്കാലിക നിയമനം നടത്താവൂെവന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ ഉത്തരവും കാറ്റില്‍ പറത്തിയാണ് ഇടതുപക്ഷം ഭരിക്കുന്ന ചിറക്കടവ് ഗ്രാമപ്പഞ്ചായത്ത് മൂന്ന് പേര്‍ക്ക് താല്‍ക്കാലിക നിയമനം നല്‍കിയതെന്ന് ആരോപിച്ചാണ് ജില്ലാ എംപ്ലോയിമെന്റ് ഫോറം സെക്രട്ടറി ട്രൈബ്യൂണലില്‍ പരാതി നല്‍കിയത്.

ചിറക്കടവ് ഗ്രാമപ്പഞ്ചായത്തിലെ എല്‍.ഡി.എഫ് ഭരണ നേതൃത്വത്തിനുള്ള കനത്ത തിരിച്ചടിയാണ് അനധികൃത നിയമനം സ്റ്റേ ചെയ്ത അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധിയെന്ന് ബി.ജെ.പി ചിറക്കടവ് പഞ്ചായത്ത് പാര്‍ലമെന്ററി കമ്മിറ്റി. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വിജു മണക്കാട് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ കെ.ജി. കണ്ണന്‍, വൈശാഖ് എസ്. നായര്‍, ഉഷാ ശ്രീകുമാര്‍, സുബിതാ ബിനോയി, സോമാ അനീഷ്, രാജി, ഭാരവാഹികളായ എ.എസ്. റജികുമാര്‍, ആര്‍. മോഹനന്‍, പി.ആര്‍. ഗോപന്‍ എന്നിവര്‍ സംസാരിച്ചു.