ചിറക്കടവില്‍ ബി.ജെ.പി.യുടെ തേരുരുണ്ടു; അങ്കലാപ്പോടെ സി.പി.എം.

പൊന്‍കുന്നം: ചിറക്കടവില്‍ ബി.ജെ.പി.യുടെ തേരുരുണ്ടപ്പോള്‍ യു.ഡി.എഫിനേക്കാള്‍ ഞടുങ്ങിയത് എല്‍.ഡി.എഫ്. എടുത്തുപറഞ്ഞാല്‍ സി.പി.എം. കഴിഞ്ഞ 20 വര്‍ഷമായി മേധാവിത്വം പുലര്‍ത്തിയിരുന്ന പ്രദേശങ്ങളില്‍ ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ നല്ലഭൂരിപക്ഷത്തോടെ ജയിച്ചുകയറിയതിന്റെ കാരണങ്ങള്‍ സി.പി.എമ്മിന് എന്താണെന്ന് ഇനിയും വ്യക്തമാകാത്തപോലെ.

പതിവ് പല്ലവിപ്രകാരം ”യു.ഡി.എഫുകാര്‍ ബി.ജെ.പി.ക്ക് കുത്തി” എന്നുപറഞ്ഞ് രക്ഷപ്പെടാന്‍ പറ്റാത്തവിധം േതാറ്റുപോയത് സി.പി.എമ്മിന്റെ ചിഹ്നത്തില്‍ മത്സരിച്ച പഴയ പടക്കുതിരകള്‍തന്നെ. ഒരിക്കലും തോല്പിക്കാന്‍ പറ്റാത്തവരെന്ന് കരുതിയിരുന്നവര്‍.’കേരളോത്സവം’ ചിറക്കടവില്‍ വന്‍ സംഭവമാക്കിമാറ്റിയ മുന്‍ ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.ലാല്‍ മുതല്‍ ചിറക്കടവിലെ സി.പി.എമ്മിന്റെ ശ്രദ്ധേയസാന്നിധ്യമായ ശ്രീദേവിടീച്ചര്‍വരെ തോറ്റു. വി.ജി.ലാല്‍ തോറ്റത് ബി.ജെ.പി.യുടെ നേതാവും അവരുടെ ‘പവര്‍ പോയിന്റു’മായ കെ.ജി. കണ്ണന്റെ മുമ്പില്‍. സി.പി.എമ്മിന് പഞ്ചായത്തില്‍ ഭൂരിപക്ഷം ഉണ്ടെങ്കിലും (9വാര്‍ഡ്) തൊട്ടുപിന്നില്‍ ബി.ജെ.പി.യുണ്ടെന്നതാണ് അവരെ ഞെട്ടിക്കുന്നത്. യു.ഡി.എഫിന് 5 വാര്‍ഡുകളാണ് കിട്ടിയത്.

യു.ഡി.എഫുമായി ഇടഞ്ഞുനിന്ന മുസ്ലിംലീഗിന്റെ പിന്തുണകിട്ടിയിട്ടും എല്‍.ഡി.എഫിന്റെ പ്രധാന സ്ഥാനാര്‍ഥികള്‍ക്ക് തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നതിന്റെ കാരണം തേടുകയാണ് സി.പി.എം. നേതൃത്വം. മുതിര്‍ന്ന നേതാക്കളായ അഡ്വ. ഗിരീഷ് എസ്.നായും അഡ്വ. ജയശ്രീധറും ജയിച്ചത് സി.പി.എമ്മിന് ആശ്വാസത്തേക്കാളേറെ ആത്മവിശ്വാസം പകരുന്നുണ്ട്. പക്ഷേ, ബി.ജെ.പി.ക്ക് ഏറെ സന്തോഷം നല്‍കുന്നത് വാഴൂര്‍ ബ്ലോക്കിലെ അവരുടെ ജയശ്രീ ടീച്ചറുടെ വിജയമാണ്. എല്‍.ഡി.എഫിനും യു.ഡി.എഫിനും 6 സീറ്റുകള്‍ വീതം കിട്ടിയപ്പോള്‍ ബി.ജെ.പി.ക്ക് ജയടീച്ചര്‍വഴി കിട്ടിയ വിജയം ഇരുമുന്നണികള്‍ക്കുമുമ്പിലും ബി.ജെ.പി.യുടെ നിലപാട് നിര്‍ണായകമാക്കുന്നു