ചിറക്കടവില്‍ വേലകളിക്ക് ഇന്ന് തുടക്കം

ചിറക്കടവ്: ശ്രീമഹാദേവക്ഷേത്രത്തില്‍ ഈ ഉത്സവ കാലയളവിലെ വേലകളിക്ക് ഏഴാം ഉത്സവദിനമായ വെള്ളിയാഴ്ച തുടക്കം. തെക്കുംഭാഗം വേലകളി സംഘത്തിന്റെ സന്ധ്യാവേലയാണ് ആദ്യം. എട്ടാം ഉത്സവത്തിന് വടക്കുംഭാഗം വേലകളി സംഘത്തിന്റെ വേലകളിയും. ഒന്‍പത്, പത്ത് ഉത്സവദിനങ്ങളില്‍ ഇരുസംഘവും ചേര്‍ന്നുള്ള കൂടിവേല നടക്കും.

ശിവതനയനായ അയ്യപ്പന്‍ പന്തള രാജകുമാരനായി മണികണ്ഠനെന്ന പേരില്‍ വിളങ്ങുമ്പോള്‍ ചിറക്കടവിലാണ് ആയോധനാഭ്യാസം നടത്തിയതെന്ന് വിശ്വാസമുണ്ട്. യുദ്ധമുറകള്‍ ഇവിടുത്തെ കളരിയില്‍ അഭ്യസിച്ചതിന്റെ ഐതീഹ്യ വെളിച്ചത്തില്‍ ചിറക്കടവിലെ ബാലന്മാര്‍ മഹാദേവനുമുമ്പില്‍ വര്‍ഷം തോറും വേലകളി നടത്തുന്നുണ്ട്. മണികണ്ഠനും ഇവര്‍ക്കൊപ്പം വേലകളിക്കുണ്ടെന്നാണ് ഭക്തരുടെ വിശ്വാസം. വടക്കുംഭാഗം, തെക്കുംഭാഗം സംഘങ്ങളായി ഇരുകൂട്ടരാണ് ഉത്സവകാലത്ത് ചിറക്കടവ് ക്ഷേത്രത്തില്‍ വേലകളി നടത്തുന്നത്. ചുവന്ന തലപ്പാവ്, തലപ്പാവില്‍ വെള്ളിയില്‍ തീര്‍ത്ത തെളുതാര, വെള്ളമുണ്ട് ഉടുത്ത് അരയില്‍ ചുവന്ന കട്ടിയാവ് ചുറ്റി അരപ്പട്ടയും ആഭരണങ്ങളും ചാര്‍ത്തി പരിചയും ചുരികയും ഏന്തിയാണ് ഇവരുടെ വേലകളിയാട്ടം. വടക്കുംഭാഗത്തില്‍ ഇരിക്കാട്ട് എ.ആര്‍. കുട്ടപ്പന്‍നായര്‍ക്കും, തെക്കുംഭാഗത്തില്‍ കുഴിപ്പള്ളാത്ത് അപ്പു ആശാനുമാണ് ആചാര്യസ്ഥാനം. പന്ത്രണ്ട് വയസ് വരെയുള്ള ബാലന്മാര്‍ ഓരോ വര്‍ഷവും വേലകളി അഭ്യസിച്ച് ദേവനുമുമ്പില്‍ ആടും. ചിറക്കടവിലെ ഹൈന്ദവരുടെ തലമുറകളിലെ ആണുങ്ങളില്‍ ആരുംതന്നെ മഹാദേവനുമുമ്പില്‍ വേലകളി നടത്താത്തവരായി ഉണ്ടാവില്ല. അയ്യപ്പനൊപ്പം വേലകളിച്ചതിന്റെ നിര്‍വൃതിയാണ് ഇവര്‍ക്കോരോരുത്തര്‍ക്കും.

ചിറക്കടവിന്റെ ഭരണം നാടുവാഴികളായ ചെങ്ങന്നൂര്‍ വഞ്ഞിപ്പുഴ മഠത്തിന് ആയിരുന്ന കാലത്ത് പ്രദേശവാസികളായ സൈനികരുടെ സംഘമുണ്ടായിരുന്നു. രാജഭരണത്തിന് ശേഷം ഈ സൈനിക സേവനം ഇല്ലാതായതോടെയാണ് വേലകളിയെന്ന കലാരൂപം ചിറക്കടവില്‍ രൂപപ്പെട്ടതെന്നും ഒരു ഐതിഹ്യമുണ്ട്.