ചിറക്കടവിൽ 118 പേർക്ക് കോവിഡ് പരിശോധന; ഒരാൾ പോസിറ്റീവ്


പൊൻകുന്നം : ചിറക്കടവ് പഞ്ചായത്തിൽ ആരോഗ്യവകുപ്പ് 118 പേർക്ക് കോവിഡ് ആന്റിജൻ പരിശോധന നടത്തി. ഒരാളുടെ പരിശോധനഫലം പോസിറ്റീവായി. ചിറക്കടവ് നാലാംവാർഡിൽ നിന്നുള്ളയാളാണിത്. പോസിറ്റീവായ ആളെ ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റി. പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവരോട് നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചിരിക്കുകയാണ്.

22 പേർ നെഗറ്റീവ്

പാറത്തോട് : ഗ്രാമപ്പഞ്ചായത്തിലെ കൺടെയ്ൻമെന്റ് സോണായ 16-ാം വാർഡിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ 26 പേരുടെയും ഫലം നെഗറ്റീവ്. 22 പേരുടെ സ്രവം ശേഖരിച്ച് പി.സി.ആർ. പരിശോധനയ്ക്ക് അയച്ചു. പൊന്മല മേഖലയിൽ രണ്ട് കുടുംബങ്ങളിലായി ഒൻപതുപേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ പ്രാഥമിക സമ്പർക്കപ്പടികയിലുൾപ്പെട്ടവരെയാണ് പരിശോധിച്ചത്.

പനിക്ക്‌ ചികിത്സ തേടിയ ആൾക്ക് കോവിഡ്

മുക്കൂട്ടുതറ : പനി ബാധിച്ച് മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ ചികിത്സതേടിയ ആൾക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗിയുടെ ബന്ധുക്കളും ആശുപത്രിയിലെ ഡോക്ടറും നഴ്‌സുമാരും ഉൾപ്പെടെ 27 പേരാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളത്. ഇവർ ക്വാറന്റീനിലായി. ഉറവിടം വ്യക്തമായിട്ടില്ല.

മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്. കോവിഡ് സ്ഥിരീകരിച്ചിട്ടും രോഗിയെ ആശുപത്രിയിൽ നിന്നും കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റാൻ വൈകിയെന്നുമാണ് നാട്ടുകാർ ആരോപണം. ആശുപത്രിയിലെ 11 ജീവനക്കാരാണ് ക്വാറന്റീനിലായത്.

യഥാസമയം കോവിഡ് ടെസ്റ്റ് നടത്തിയില്ലെന്ന് പരാതി

ചെറുവള്ളി : പ്രദേശത്ത് കോവിഡ് സ്ഥിരീകരിച്ചയാളുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളയാളുടെ കോവിഡ് പരിശോധന യഥാസമയം നടത്തിയില്ലെന്ന് പരാതി. ചെറുവള്ളിയിൽ റേഷൻകട നടത്തുന്നയാളാണ് പരാതിപ്പെട്ടത്. ഇദ്ദേഹത്തിന്റെ കടയിൽ 14-ന് എത്തിയ ആൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 17-ന് ഇദ്ദേഹത്തോട് നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് അധികൃതർ നിർദേശിച്ചു.

കോവിഡ് പരിശോധനയ്ക്കായി താൻ ഉൾപ്പെടെയുള്ള 13 പേരുടെ പട്ടിക ജനറൽ ആശുപത്രിയിൽ നൽകിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടപ്പോൾ അപമര്യാദയായി പെരുമാറിയെന്നും കടയുടമ പറഞ്ഞു. നിരവധിപേരുമായി സമ്പർക്കമുള്ളതിനാൽ തന്റെ പരിശോധനാഫലം ലഭിച്ചില്ലെങ്കിൽ ആൾക്കാർക്ക് ആശങ്കയുണ്ടാവുമെന്നും പറഞ്ഞു.

എന്നാൽ, ഏഴുദിവസത്തെ നിരീക്ഷണകാലം പിന്നിട്ടതിന് ശേഷമാണ് കോവിഡ് പരിശോധന നടത്തേണ്ടതെന്നും അതിനുള്ള നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിച്ചു. പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവരെ ആംബുലൻസിൽ വേണം പരിശോധന കേന്ദ്രത്തിലെത്തിക്കാൻ. അതിനുള്ള ക്രമീകരണവും പരിശോധനകിറ്റിന്റെ ലഭ്യതയും അനുസരിച്ച് നടപടിയുണ്ടാകും. പ്രതിദിനം നൂറുപേർക്കാണ് ജനറൽ ആശുപത്രിയിൽ പരിശോധന നടത്തുന്നതെന്നും അറിയിച്ചു.

ജില്ലയിൽ 89 പുതിയ രോഗികൾ; ആകെ 1051 പേർ

കോട്ടയം : ജില്ലയിൽ 89 പേർക്കൂടി കോവിഡ് ബാധിതരായി. ഇതിൽ 86 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. മറ്റു സംസ്ഥാനങ്ങളിൽനിന്നുവന്ന മൂന്നുപേരും രോഗബാധിതരായി. 1405 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്.

സമ്പർക്കം മുഖേനയുള്ള രോഗബാധ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. 16 പേർക്ക് ഇവിടെ രോഗം ബാധിച്ചു. വൈക്കം-11, കങ്ങഴ-7, വിജയപുരം-6, പനച്ചിക്കാട്-5, കറുകച്ചാൽ-4 എന്നിവയാണ് സമ്പർക്കരോഗികൾ കൂടുതലുള്ള മറ്റു സ്ഥലങ്ങൾ.

രോഗം ഭേദമായ 63 പേർക്കൂടി ആശുപത്രി വിട്ടു. നിലവിൽ 1051 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 3002 പേർ രോഗബാധിതരായി. 1948 പേർ രോഗമുക്തി നേടി.

വിദേശത്തുനിന്നെത്തിയ 67 പേരും മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തിയ 124 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള 1604 പേരും ഉൾപ്പെടെ 1795 പേർക്കുകൂടി ക്വാറൻറീൻ നിർദേശിച്ചു. ആകെ 13113 പേരാണ് ക്വാറൻറീനിലുള്ളത്.

സമ്പർക്കംമുഖേന വൈറസ് ബാധിച്ചവർ

കങ്ങഴ സ്വദേശികൾ-7, കറുകച്ചാൽ-4, തോട്ടയ്ക്കാട്-1, നെടുംകുന്നം-1, കാളകെട്ടി-1, മുണ്ടക്കയം -1, കോരൂത്തോട്-1, കുറിച്ചി-1, വാഴൂർ-2, പായിപ്പാട്-1, ചിറക്കടവ്‌-1