ചിറക്കടവുകാർക്ക് ഭീതിയും ദുരിതവും

പൊൻകുന്നം∙ നാലു പേരിൽ കൂടുതൽ കൂട്ടം ചേരരുത്. രാത്രി എട്ടിനു മുൻപായി കടകൾ അടയ്ക്കണം. വാഹനങ്ങളിൽ പോകുന്നവരുടെ പേരും വിവരങ്ങളും പൊലീസ് രേഖപ്പെടുത്തുന്നു. ചിറക്കടവുകാർക്കിത് ആദ്യത്തെ അനുഭവമാണ്. ശക്തമായി പെയ്യുന്ന മഴയ്ക്കൊപ്പം ധൃതിപിടിച്ചു പോകുന്നതിനിടയിലാണ് പൊലീസിന്റെ ചോദ്യം ചെയ്യൽ. 144-നിരോധനാജ്ഞയിലൂടെ ചിറക്കടവിലെ ജനങ്ങൾ അനുഭവിക്കേണ്ടി വരുന്നത് ഇതൊക്കെയാണ്. ഇതൊന്നും പൊലീസിന്റെ കുറ്റമായി ജനങ്ങൾ കാണുന്നില്ല. അക്രമത്തിന് നേതൃത്വം കൊടുത്ത രാഷ്ട്രീയ പാർട്ടികൾ നൽകിയതാണെന്ന് നാട്ടുകാർക്കറിയാം. രാത്രി പത്തു മണിക്കു ശേഷവും ദീർഘദൂരയാത്ര കഴിഞ്ഞ് ബസിറങ്ങിയാൽ അത്യാവശ്യ വീട്ടുസാമാനങ്ങൾ വാങ്ങാൻ കടകളുണ്ടായിരുന്ന ഇവിടെ 15 ദിവസത്തേക്ക് ഈ സൗകര്യങ്ങൾ ലഭ്യമല്ല.

. ബിജെപി–സിപിഎം സംഘർഷങ്ങൾ പലതുണ്ടായിരുന്നെങ്കിലും പരിധി ലംഘിക്കാറില്ലായിരുന്നു. കൊടിമരം, കൊടി, ബോർഡുകൾ എന്നിവ പരസ്പരം നശിപ്പിക്കുന്നതിലൊതുങ്ങുമായിരുന്നു പ്രതിഷേധങ്ങൾ. വീടാക്രമണം, എതിരാളികളെ വെട്ടിവീഴ്ത്തൽ, വാഹനങ്ങൾ കത്തിക്കൽ എന്നിങ്ങനെയൊക്കെ അരങ്ങേറിയതോടെ ജനങ്ങളിൽ ഭീതിയായി. അക്രമങ്ങളിൽ പങ്കെടുക്കാത്ത അനുഭാവികളുടെ വീടുവരെ ആക്രമിച്ചതോടെ നാട്ടുകാർ ഭയപ്പാടിലാണ്.