ചിറക്കടവ്: ഓട്ടോ കത്തിച്ചു

പൊൻകുന്നം ∙ തെക്കേത്തുകവലയിൽ ആർഎസ്എസ് താലൂക്ക് ശിക്ഷൺ പ്രമുഖിനും മറ്റു രണ്ടു പേർക്കും വെട്ടേറ്റ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത സിപിഎം ചെറുവള്ളി ലോക്കൽ കമ്മിറ്റിയംഗവും സിഐടിയു ഏരിയാ കമ്മിറ്റിയംഗവുമായ കൊട്ടാടിക്കുന്നേൽ മുകേഷ് മുരളിയെയും ഡിവൈഎഫ്ഐ പ്രവർത്തകൻ കളമ്പുകാട്ട് കവല ഉടുംമ്പിയാംകുഴിയിൽ കാർത്തികിനെയും റിമാൻഡു ചെയ്തു.

വീടാക്രമിക്കാനെത്തിയപ്പോൾ സ്വയരക്ഷയ്ക്കു വേണ്ടി എതിർത്തതാണെന്ന് മുകേഷ് മുരളി മൊഴി നൽകി.അതിനിടെ ആർഎസ്എസ് പ്രവർത്തകർക്ക് വെട്ടേറ്റ സംഭവത്തിന് പിന്നാലെ രാത്രി വൈകി കളമ്പുകാട് കവലയ്ക്ക് സമീപത്ത് സിപിഎം പ്രവർത്തകനായ കളമ്പുകാട്ട് കവല ഉടുംമ്പിയാംകുഴി മനോജിന്റെ ഓട്ടോ കത്തിച്ചു. അടുത്തുള്ള വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോയാണ് കത്തിച്ചത്. വീട്ടുകാർ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു. പൊലീസ് കേസെടുത്തു.

ആർഎസ്എസ് താലൂക്ക് ശിക്ഷൺ പ്രമുഖ് തെക്കേത്തുകവല കുന്നത്ത് രമേശ് (32), ആർഎസ്എസ് പ്രവർത്തകരായ അഖിൽ (25), പാറയിൽ സതീശൻ (31) എന്നിവർക്കാണ് കഴിഞ്ഞദിവസം വെട്ടേറ്റത്. വെട്ടേറ്റ് ഇടതുകാൽ അറ്റുതൂങ്ങിയ രമേശിനെ കോട്ടയം മാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ചിറക്കടവു പഞ്ചായത്തിൽ ഇന്നലെ സംഘപരിവാർ ഹർത്താൽ ആചരിച്ചു.