ചിറക്കടവ് ക്ഷേത്രം ശബരിമല ഇടത്താവളമായി പ്രഖ്യാപിച്ചു

പൊന്‍കുന്നം: ചിറക്കടവ് ശ്രീ മഹാദേവക്ഷേത്രം ശബരിമല ഇടത്താവളമായി ദേവസ്വം ബോര്‍ഡ് പ്രഖ്യാപിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി ഇതു സംബന്ധിച്ച് ഉത്തരവിറക്കി.
വര്‍ഷങ്ങളായി ശബരിമല തീര്‍ഥാടകര്‍ ഏറെയെത്തി ഇടത്താവളമായി ചിറക്കടവ് ക്ഷേത്രം ഉപയോഗിക്കാറുണ്ടായിരുന്നുവെങ്കിലും ഔദ്യോഗികമായി ഇടത്താവളമെന്ന പദവി ഉണ്ടായിരുന്നില്ല.
ശ്രീമഹാദേവ സേവാസംഘവും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് തീര്‍ഥാടകര്‍ക്കായി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ക്ഷേത്രത്തിന്റെ തെക്കേമുറ്റത്തെ നടപ്പന്തലും കിഴക്കേ നടയിലെ സദ്യാലയത്തിന്റെ മുകള്‍നിലയും അയ്യപ്പന്മാര്‍ക്ക് വിരിവെച്ചു വിശ്രമിക്കാന്‍ ഒരുക്കി. ശൗചാലയ സൗകര്യവും ഏര്‍പ്പെടുത്തി. കൂടാതെ അയ്യപ്പന്മാര്‍ക്ക് കുളിക്കാന്‍ കിഴക്കുവശത്തെ വലിയചിറയും ഉപയോഗിക്കും. 24 മണിക്കൂറും അന്നദാനവുമുണ്ട്.
ശബരിമല ദര്‍ശനത്തിനുപോകുന്ന ഭക്തര്‍ക്ക് നെയ്യഭിഷേകം, അരവണ, അപ്പം എന്നിവയ്ക്കുള്ള കൂപ്പണുകളും ഇനി മുതല്‍ ചിറക്കടവ് ക്ഷേത്രത്തില്‍ ലഭിക്കും.
അയ്യപ്പചരിത്രവുമായി ബന്ധമുള്ള ചിറക്കടവ് ക്ഷേത്രം ഇടത്താവളമായി പ്രഖ്യാപിച്ചതിന്റെ ആഹ്ലൂദത്തിലാണ് ഭക്തര്‍. പന്തളം രാജകുമാരനായ മണികണ്ഠന്‍ ചിറക്കടവിലെ കളരിയില്‍ ആയോധനമുറ അഭ്യസിച്ചുവെന്ന ഐതിഹ്യമുണ്ട്. ചിറക്കടവില്‍ ഉത്സവകാലത്ത് ബാലന്മാര്‍ നടത്തുന്ന വേലകളിയില്‍ മണികണ്ഠ ചൈതന്യവുമുണ്ടെന്നാണ് വിശ്വാസം. ശങ്കരനാരായണമൂര്‍ത്തി ഭാവത്തിലുള്ള ചിറക്കടവ് മഹാദേവന്‍ അയ്യപ്പന്റെ പിതൃസ്ഥാനീയനായതിനാല്‍ ചിറക്കടവില്‍നിന്ന് ശബരിമലയ്ക്കു പോകുന്നവര്‍ എരുമേലിയില്‍ പേട്ട തുള്ളേണ്ടതില്ലെന്നും വിശ്വാസമുണ്ട്.