ചിറക്കടവ് ക്ഷേത്രത്തിന് ഇനി ചുമർചിത്ര പെരുമയും

പൊൻകുന്നം ∙ ചിറക്കടവ് മഹാദേവക്ഷേത്രത്തിന്റെ ചുമരുകളിൽ ചിത്രങ്ങൾ ഒരുങ്ങുന്നു. കിഴക്കേ ചുമരിൽ വലതുഭാഗത്തായി അനന്തശയനവും ഇടത്ത് ശിവ-പാർവതി പരിണയവുമാണ് ആദ്യം ആലേഖനം ചെയ്യുക. മറ്റു ചുമരുകളിൽ ശങ്കരനാരായണ ചരിത്രം സംഗ്രഹിക്കും. അനന്തശയനം അവസാന മിനുക്കുപണിയിലാണ്.

ക്ഷേത്രച്ചുമരിൽ ചിത്രങ്ങൾ നിറയുന്നതോടെ ചിറക്കടവ് മഹാദേവന്റെ പെരുമ തൃശൂർ വടക്കുംനാഥന്റെയും തിരുവനന്തപുരം ശ്രീപദ്മനാഭന്റെയും ഒപ്പം ദേശമാകെ പരക്കുമെന്നു ദേവസ്വം സബ്ഗ്രൂപ് ഓഫിസർ ആർ.പ്രകാശ് പറയുന്നു.ശങ്കരനാരായണ മൂർത്തിയുടെ വിവിധഭാവങ്ങൾ കയ്യൊതുക്കത്തോടെ ചുമരിലേക്കു പകർത്തുമ്പോൾ കേരളീയ ചുമർചിത്രകലയുടെ പാരമ്പര്യം ഒട്ടും ചോരാതിരിക്കാൻ ഏറെ ശ്രദ്ധചെലുത്തിയാണു രചനയെന്നു ചിത്രകാരൻ ചിറക്കടവ് വാകത്താനത്ത് വി.സി.അനിൽ പറയുന്നു.

ഗുരുവായൂർ, മള്ളിയൂർ, പുലിയൂർ ക്ഷേത്രങ്ങിൽ ചുമർചിത്രങ്ങൾ നിർമിച്ച അനിൽ 22 വർഷമായി ചുമർചിത്രരചനാ രംഗത്തു പ്രവർത്തിക്കുന്നു. അക്രിലിക് രീതിയിൽ അലേഖനം ചെയ്യുന്ന ചിത്രങ്ങൾക്ക് കാവിച്ചുവപ്പ്, കാവിമഞ്ഞ, പച്ച, ചുവപ്പ്, വെള്ള, നീല, ഹരിതനീലം, കറുപ്പ്, മഞ്ഞ, സ്വർണമഞ്ഞ തുടങ്ങിയ നിറങ്ങളാണ് ഉപയോഗിക്കുന്നത്.

വരകളുടെ കൃത്യത, വർണസങ്കലനം, അലങ്കാരങ്ങൾക്കു കൊടുക്കുന്ന പ്രാധാന്യം, വികാരാവിഷ്‌കാരത്തിലെ ശ്രദ്ധയെല്ലാം വളരെയേറെ കരുതലിലാണ് ഇവിടെ. നൈസർഗികമായ ചൈതന്യവും കർമചൈതന്യത്തിന്റെ താളവും അഭൗതിക ഗാംഭീര്യവും നിഴലിക്കുന്ന ചിത്രങ്ങൾ ക്ഷേത്രത്തിനു മുതൽക്കൂട്ടാവും.