ചിറക്കടവ് പഞ്ചായത്തിന്റെഎട്ടു കോടി 40 ലക്ഷം രൂപയുടെ 200 പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണസമിതിയോഗം അംഗീകാരം നല്‍കി.

ചിറക്കടവ്: ചിറക്കടവ് പഞ്ചായത്തിന്റെ എട്ടു കോടി 40 ലക്ഷം രൂപയുടെ 200 പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണസമിതിയോഗം അംഗീകാരം നല്‍കി. പശ്ചാത്തലമേഖലയ്ക്ക് 4.78 കോടി രൂപയും സേവനമേഖലയ്ക്ക് 2.45 കോടി രൂപയും ഉല്‍പ്പാദനമേഖലയ്ക്ക് 65 ലക്ഷം രൂപയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ പട്ടികജാതി, പട്ടികവര്‍ഗവിഭാഗത്തിന്റെ സേവനത്തിനായി 44 ലക്ഷം രൂപയും പശ്ചാത്തല സൌകര്യവികസനത്തിനായി 53 ലക്ഷം രൂപയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത് ഓഫീസ് കെട്ടിടനിര്‍മാണത്തിനായി 2.99 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്.

ജില്ലാ പഞ്ചായത്തിന്റെ അഞ്ചു ലക്ഷം രൂപ ധനസഹായത്തോടെ 11 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന ചിറക്കടവ് സെന്റര്‍ കുടിവെള്ളപദ്ധതി, അഞ്ചു ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന തകിടിപ്പുറം കുടിവെള്ള പദ്ധതി, ജില്ലാ പഞ്ചായത്തിന്റെ മൂന്നു ലക്ഷം രൂപ ധനസഹായത്തോടെ ആറു ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന മൂങ്ങത്തറ കുടിവെള്ള പദ്ധതി എന്നിവയിലൂടെ പഞ്ചായത്തിന്റെ കുടിവെള്ളക്ഷാമം ഒരു പരിധിവരെ പരിഹരിക്കാനാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.

ഭവനനിര്‍മാണത്തിനായി ജനറല്‍ വിഭാഗത്തില്‍ ഒരു കോടി അഞ്ചു ലക്ഷം രൂപയും ആരോഗ്യമേഖലയില്‍ പാലിയേറ്റീവ് കെയറിനായും പഞ്ചായത്തിന്റെ തുടര്‍പദ്ധതിയായ സാന്ത്വനത്തിനായും 3.5 ലക്ഷം രൂപയുടെയും പദ്ധതികള്‍ക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്.