ചൂടു തുടങ്ങി; മലയോര മേഖല ഉരുകുന്നു

കാഞ്ഞിരപ്പള്ളി ∙ വേനൽച്ചൂടിൽ മലയോര മേഖല ഉരുകിത്തുടങ്ങി. ഗ്രാമങ്ങളിൽ പോലും 34 മുതൽ 36 വരെ ഡിഗ്രി സെൽഷ്യസ് ചൂടാണ് ദിവസവും രേഖപ്പെടുത്തുന്നത്. മലയോര മേഖലയുടെ ഉയർന്ന പ്രദേശങ്ങളിലെ ജലസ്രോതസ്സുകൾ വറ്റിത്തുടങ്ങി. ഇത്തവണ വേനൽ കനക്കുമെന്ന കണക്കുകൂട്ടലിലാണ് കാലാവസ്ഥാ നിരീക്ഷകരും കർഷകരും. എല്ലാ വറുതിയിലും മലയോര മേഖലയിൽ കൃഷിനാശവും സംഭവിക്കാറുണ്ട്. രൂക്ഷമായ ജലക്ഷാമവും കനത്ത ചൂടും കൃഷികളെ ബാധിക്കും.

2017ലെ വേനലിൽ മലയോര മേഖലയിൽ കൃഷിയിടങ്ങളിലുണ്ടായത് കോടികളുടെ നഷ്ടമാണ്. കാഞ്ഞിരപ്പള്ളി ബ്ലോക്കിനു കീഴിലെ ഏഴു കൃഷിഭവനുകളുടെ പരിധിയിലായി ഹെക്ടർകണക്കിനു കൃഷിയിടങ്ങളിൽ വരൾച്ച ബാധിച്ചു. വാഴക്കൃഷിയിൽ ഒരു കോടിയിലേറെ രൂപയുടെ നാശമാണുണ്ടായത്.

കാഞ്ഞിരപ്പള്ളി കൃഷി ഭവന്റെ പരിധിയിൽ മാത്രം പതിനയ്യായിരത്തോളം വാഴകൾ കരിഞ്ഞുണങ്ങി. ബ്ലോക്കിനു കീഴിലെ 100 ഹെക്ടറോളം സ്ഥലത്തെ റബർകൃഷിയിൽ വരൾച്ച ബാധിച്ചു. 21 ഹെക്ടർ കുരുമുളക് കൃഷിയിടത്തിലും 15 ഹെക്ടർ ജാതികൃഷിയിടത്തിലും ആറ് ഹെക്ടർ കൊക്കോ കൃഷിയിടത്തിലും വരൾച്ച നാശമുണ്ടാക്കി.

30 ഹെക്ടർ സ്ഥലത്തെ തെങ്ങ്കൃഷിയിൽ ബാധിച്ച വരൾച്ച മൂലം നാളികേര ഉൽപാദനത്തിൽ വൻ കുറവാണുണ്ടാക്കിയതെന്ന് കൃഷി വകുപ്പ് കണക്കുകൾ സൂചിപ്പിക്കുന്നു.

കൃഷിയിടങ്ങളിൽ നനയും പുതയിടീലും തണലൊരുക്കലുമാണ് വരൾച്ചയെയും ചൂടിനെയും പ്രതിരോധിക്കാനുള്ള പ്രധാന മാർഗങ്ങളെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. തെങ്ങ്, വാഴ, കമുക് തുടങ്ങിയവയ്ക്കു തടമെടുത്ത് ഉണങ്ങിയ ഇലകൾ, കച്ചി തുടങ്ങിയവ ഉപയോഗിച്ച് ചുവട്ടിൽ പുതയിടണം. ജലാംശം നിലനിർത്തുന്നതിന് ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും നനയ്ക്കണം. റബർ, തെങ്ങ്, കമുക്, കുരുമുളക് തുടങ്ങിയവയുടെ തൈകൾക്കു തണലൊരുക്കണം.

തൈകൾക്ക് നാലു ദിവസത്തിൽ ഒരിക്കൽ വെള്ളമൊഴിച്ച് നനയ്ക്കണം. ചൂടേൽക്കാതിരിക്കാൻ, ടാപ്പ് ചെയ്യുന്ന റബർ മരങ്ങളുടെ വെട്ടുപട്ടയ്ക്ക് മുകളിലായി ചൈന ക്ലേ തേച്ചുപിടിപ്പിക്കുക. പച്ചക്കറികൾ രാവിലെയും വൈകിട്ടും നനയ്ക്കണമെന്നും കൃഷി വകുപ്പ് അധികൃതർ അറിയിച്ചു.