ചൂടേറുന്നു, രോഗമേറുന്നു

കാഞ്ഞിരപ്പള്ളി : കടുക്കുന്ന വേനലിനൊപ്പം മഞ്ഞപ്പിത്തം, ചുമ, കഫക്കെട്ട്, പനി ബാധിതരുടെ എണ്ണം കൂടുന്നു. വേനൽക്കാലത്തു നീണ്ടുനിൽക്കുന്ന കഫക്കെട്ടും ആഴ്ചകളായും മാറാത്ത ചുമയും ശ്രദ്ധിക്കണമെന്നു ഡോക്ടർമാരുടെ നിർദേശമുണ്ട്. കഫക്കെട്ട് ക്ഷയരോഗ ലക്ഷണമോ എന്നു പരിശോധിക്കണമെന്നും ഡോക്ടർമാർ പറയുന്നു. മുൻപ് ക്ഷയരോഗം രോഗിയെ കാണുന്നമാത്രയിൽ തിരിച്ചറിഞ്ഞിരുന്നു. ക്ഷീണവും തൂക്കക്കുറവും ക്ഷയരോഗത്തിന്റെ ലക്ഷണമായിരുന്നു.

എന്നാൽ നിലവിൽ ക്ഷീണമോ തൂക്കക്കുറവോ ക്ഷയരോഗ ബാധിതരിൽ കാണാറില്ലെന്നും ഡോക്ടർമാർ പറയുന്നു. വേനൽക്കാല രോഗമായ ചെങ്കണ്ണും കൂടുതൽപേരെ ബാധിച്ചു കാണുന്നുണ്ട്. നെടുംകുന്നം, പുന്നവേലി, മുളയംവേലി, കറുകച്ചാൽ, പത്തനാട് തുടങ്ങിയ സ്ഥലങ്ങളിലാണു പനിയും ചുമയും കഫക്കെട്ടും ചെങ്കണ്ണും കൂടുതലായി റിപ്പോർട്ട് ചെയ്തത്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നു പനി, തലവേദന, തൊണ്ടവേദനയും ആൾക്കാർക്കിടയിൽ വർധിക്കുന്നു.

അന്തരീക്ഷത്തിലെ പൊടിപടലങ്ങളും ഇതിനു കാരണമാണ്. മണിമലയിൽ ഏതാനും ആഴ്ച മുൻപ് മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലിരുന്ന യുവാവ് മരിച്ചു. മഞ്ഞപ്പിത്ത ഭീഷണിയുള്ളതിനാൽ കുടിവെള്ള സ്രോതസ്സുകൾ വൃത്തിയായി സൂക്ഷിക്കണമെന്നു ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശമുണ്ട്. മലിനജലത്തിലൂടെ പടരുന്ന അസുഖമാണ് മഞ്ഞപ്പിത്തം.