ചെറിയ വലിയ വാശികൾ ..

s1
ചെറിയ കാര്യങ്ങളിൽപോലും ഇത്ര സൂക്ഷ്മമായി ശ്രദ്ധ പതിപ്പിക്കുന്ന മറ്റൊരു ക്രിക്കറ്റ് താരത്തെ താൻ കണ്ടിട്ടില്ലെന്ന് ക്രിക്കറ്റ് ഇതിഹാസവും ഇന്ത്യയുടെ കോച്ചുമായിരുന്ന ഗ്രെഗ് ചാപ്പൽ പറഞ്ഞു. ഓരോ മത്സരത്തിനും അതിവിപുലമായ തയാറെടുപ്പോടെയാണ് സചിൻ എത്തുന്നത്. അതുകൊണ്ടുതന്നെ പലതും തനിക്ക് വിചിത്രമായി തോന്നിയിട്ടുണ്ടെന്ന് ചാപ്പൽ പ്രമുഖ ഓസ്ട്രേലിയൻ വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.

തന്രെ ബാറ്റുകൾ ഇത്രയും സമയം ചെലവഴിച്ച് തിരഞ്ഞെടുക്കുന്ന മറ്റൊരു ബാറ്റ്സ്‌മാനില്ല. കളിക്കാനിറങ്ങുന്നതിനുമുന്പ് മണിക്കൂറുകളോമെടുത്ത് ബാറ്റിന്രെ ഓരോ മുക്കും മൂലയും ചുഴിഞ്ഞ് പരിശോധിക്കും. ബ്ലെയ്ഡ് പോലെയുള്ള ചെറിയ കത്തി കൊണ്ട് ആകമാനം ചുരണ്ടി വൃത്തിയാക്കും.

ബാറ്റിലെന്തെങ്കിലും പ്രശ്നമുണ്ടെന്ന് തോന്നിയാൽ പിന്നെ പ്രശ്നത്തിലാകുന്നത് സചിനാണ്. മദ്ധ്യനിരയിൽ ബാറ്റുചെയ്യുന്പോഴാണ് സചൻ ബാറ്റിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധാലുവാകുന്നതെന്ന് ചാപ്പൽ പറഞ്ഞു. മാത്യു ഹെയ്ഡൻ, മൈക്ക് ഹസി തുടങ്ങിയ ബാറ്റ്സ്‌മാന്മാരും ബാറ്റിന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ പുലർത്തുന്നത് താൻ കണ്ടിട്ടുണ്ട്. പക്ഷേ സചിന്റെ സൂക്ഷ്‌മത ഒന്നു വേറെ തന്നെ.

ചില അന്ധവിശ്വാസങ്ങളും സചിനുണ്ട്. തൊട്ടുമുന്പുള്ള കളിക്കുവേണ്ടി എന്തൊക്കെ തയാറെടുപ്പു നടത്തിയോ അതെല്ലാം അടുത്ത കളിയിലും നിലനിർത്തണമെന്ന് സചിൻ വാശിപിടിക്കുന്നത് കണ്ടിട്ടുണ്ടെന്നും ചാപ്പൽ ചൂണ്ടിക്കാട്ടി.