ചെറുവള്ളിക്ക് ഇതൊന്നും പുതുമയല്ല; കോപ്റ്റർ പണ്ടേ പറന്നു

എരുമേലി ∙ മണിമലയാർ അതിരിട്ടൊഴുകുന്ന മനോഹരമായ ദേശം. പുൽമേടുകൾ, മൊട്ടക്കുന്നുകൾ, മേഞ്ഞു നടക്കുന്ന പശുക്കൾ– ഇതൊക്കെ ശരിക്കും ഉള്ളതു തന്നെ! ഇതാണു ചെറുവള്ളി എസ്റ്റേറ്റ്.ഇവിടെയാണ് വർഷങ്ങൾക്കു ശേഷം വിമാനമിറങ്ങാൻ പോകുന്നത്. പൊൻകുന്നത്തിനടുത്തു മറ്റൊരു ചെറുവള്ളിയുണ്ട്. ആ ചെറുവള്ളിയും ഈ ചെറുവള്ളിയുമായി ഒരു ബന്ധവുമില്ല.

.
എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റ് 2300 ഏക്കറും നൂറുകണക്കിന് ഏക്കർ വിരിവുമുള്ള റബർ തോട്ടമാണ്. 114 വർഷം മുൻപ് ബ്രിട്ടീഷുകാരുടെ കാലത്താണ് ചെറുവള്ളിയിൽ ഹെലികോപ്റ്റർ സർവേ നടത്തി റബർ നടാൻ പറ്റിയ സ്ഥലമെന്നു കണ്ടെത്തിയത്. കള പറിക്കാനും കാടുവെട്ടാനും തദ്ദേശീയർക്കൊപ്പം തമിഴരുമെത്തി. പിന്നെ അവർക്കു ടാപ്പിങ് പരിശീലനം ലഭിച്ചു.

ചെറുവള്ളിയിൽ എസ്റ്റേറ്റ് മൈതാനത്ത് ഹെലികോപ്റ്റർ പറന്നിറങ്ങുന്നതു തൊഴിലാളികൾ പണ്ടേ കണ്ടിട്ടുണ്ട്. സായിപ്പൻമാർ ഹെലികോപ്റ്ററിൽ വരുന്നതും ഹെലികോപ്റ്ററിൽ നിന്നു തുരിശും ചുണ്ണാമ്പും അടങ്ങിയ ബോഡോ മിശ്രിതം തളിക്കുന്നതുമൊക്കെ അവർക്ക് അത്ര പഴയ ഓർമയല്ല. റബർ വില ഇടിഞ്ഞതോടെയാണു ഹെലികോപ്റ്റർ പറക്കൽ നിലച്ചത്.

ആയിരക്കണക്കിനു തൊഴിലാളികൾ ഉണ്ടായിരുന്ന എസ്റ്റേറ്റിൽ ഇപ്പോൾ 340 തൊഴിലാളികൾ മാത്രമാണുള്ളത്. 50 ലയങ്ങളിലെ മുറികൾ പലതും അടഞ്ഞു കിടക്കുന്നു.ജോലിക്കാരിൽ പലരും എസ്റ്റേറ്റിനു പുറത്താണു താമസം. ചെറുവള്ളി എസ്റ്റേറ്റിന്റെ മറ്റൊരു സവിശേഷത– ചെറുവള്ളി ഡ്വാർഫുകളാണ്. കുള്ളൻ പശുക്കൾ! എസ്റ്റേറ്റിലേക്കു മറ്റു പശുക്കൾക്കു പ്രവേശനമില്ല.

നൂറുകണക്കിനു പശുക്കളാണ് കയറില്ലാതെ എസ്റ്റേറ്റിലൂടെ മേഞ്ഞുനടക്കുന്നത്. വൈകുന്നേരമാവുമ്പോൾ അവ തിരികെ ഉടമയുടെ അരികിലെത്തും. ഒന്നൊന്നര കിലോ മാത്രം തൂക്കമുള്ള തനി നാടൻ കോഴികളും ചെറുവള്ളിയുടെ മാത്രം സവിശേഷത. കോഴിമുട്ടയും പാലുമൊക്കെ വരുമാന മാർഗമാണ്.2005 വരെ ചെറുവള്ളി എസ്റ്റേറ്റിൽ റബർ പാൽ ഷീറ്റാക്കുന്നതടക്കമുള്ള സംസ്കരണ പ്രക്രിയകൾ ഉണ്ടായിരുന്നു.

എന്നാൽ 2005ൽ ഫാക്ടറി കത്തിനശിച്ചതോടെ പാൽ വെളിയിലേക്കു കൊടുക്കുന്ന രീതിയായി.കൈതക്കൃഷിയും നടക്കുന്നു. പൊന്തൻപുഴ വനത്തിൽ നിന്ന് ഒരു കിലോമീറ്റർ മാത്രമാണ് ചെറുവള്ളിയിലേക്കുള്ള അകലം. ശബരിമല വനവുമായി 10 കിലോമീറ്റർ അകലമുണ്ട്.