ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളത്തിനായി ഏറ്റെടുക്കാനുള്ള തീരുമാനം ഹാരിസണിനെ സംരക്ഷിക്കുന്നത് – വെല്‍ഫെയര്‍ പാര്‍ട്ടി.

ഹാരിസൺ കയ്യേറി ബിലിവിയേഴ്സ് ചര്‍ച്ചിന് മുറിച്ച് വിറ്റ 2263 ഏക്കർ വരുന്ന ചെറുവള്ളി എസ്റ്റേറ്റ് ശബരി വിമാനത്താവളത്തിന് വേണ്ടി ഏറ്റെടുക്കാനുള്ള പിണറായി സര്‍ക്കാരിന്‍റെ തീരുമാനം ഭൂമി കയ്യേറ്റക്കാരായ ഹാരിസണിനെ സംരക്ഷിക്കാനാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ഉടമസ്ഥാവകാശം സംബന്ധിച്ച് കേസ് നിലനിൽക്കുന്ന ഭൂമി ഏറ്റെടുക്കണമെങ്കില്‍ ഭൂമി വില സര്‍ക്കാര്‍ കെട്ടിവെയ്ക്കേണ്ടിവരും. കേസ് പരാജയപ്പെട്ടാല്‍ ഈ തുക നിലവിലെ കൈയേറ്റക്കാര്‍ക്ക് ലഭിക്കും. ഇടതു സര്‍ക്കാര്‍ വന്ന ശേഷം ഭൂമി സംബന്ധമായ എല്ലാ കേസുകളിലും സര്‍ക്കാര്‍ കോടതിയില്‍ തോറ്റു കൊടുക്കുകയാണ് ചെയ്തത് എന്നിരിക്കെ ഇത്തരത്തില്‍ ഭൂമി ഏറ്റെടുക്കുന്നത് ഭൂമാഫിയയെ സംരക്ഷിക്കാനാണ്. സര്‍ക്കാര്‍ ഭൂമി കൈയേറ്റത്തിലൂടെ സ്വന്തമാക്കിയശേഷം അത് സര്‍ക്കാരിനുതന്നെ വില്‍പന നടത്തി ഇരട്ട നേട്ടം കൊയ്യുകയാണ് ഭൂമാഫിയകൾ . അതിന് സഹായം ചെയ്യുന്ന തീരുമാനമാണ് ഒരു ഇടതുപക്ഷ സർക്കാർ എടുക്കുന്നത്. ഇതിലൂടെ ഭൂ രഹിതർക്ക് അവകാശപ്പെട്ട രണ്ടായിരത്തിലധികം ഏക്കർ ഭൂമി കയ്യേറിയ ഹാരിസണിനും ബിലീവേഴ്സ് ചർച്ചിനും സർക്കാർ സംരക്ഷണം നൽകുകയാണ്. ഇത് ലക്ഷ്യം വെച്ചാണ് ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളത്തിനായി വിട്ടുകൊടുക്കാന്‍ തയ്യാറാണ് എന്ന നിലപാട് അവര്‍ സ്വീകരിച്ചത്. ഇത് ഒത്തുകളിയാണ് . ഹാരിസൺ കൈവശം വെച്ചിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥത സ്ഥപിക്കാൻ സിവിൽ ക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിർദേശം നൽകിയിട്ട് ഒരു വർഷമായിട്ടും ഇടതു സർക്കാർ അനങ്ങിയിട്ടില്ല. ഭൂമി ഏറ്റെടുക്കുന്നതിന് നിയമ നിർമ്മാണം നടത്താനുള്ള ശിപാർശിപാർശകൾ തള്ളിക്കളഞ്ഞും ഭൂ സമരങ്ങളെ അടിച്ചമർത്തിയും അഞ്ച് ലക്ഷത്തോളം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈവശം വെച്ചിരിക്കുന്ന വൻകിടക്കാർക്ക് പാദസേവ ചെയ്യുകയാണ് പിണറായി സർക്കാർ . കേരളത്തിലെ ഭൂരഹിതര്‍ക്ക് ഒരിഞ്ച് ഭൂമി പോലും വിതരണം ചെയ്യാത്ത സര്‍ക്കാരാണ് ഭൂമാഫിയകൾക്ക് കുടപിടിക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റ് വില കൊടുത്ത് വാങ്ങുവാനുള്ള തീരുമാനത്തിൽ നിന്ന് സര്‍ക്കാര്‍ പിന്തിരിയുകയും കേസില്‍ പഴുതില്ലാതെ ഇടപെടുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഭൂ രഹിതരെ കബളിപ്പിക്കാനുള്ള സർക്കാർ ശ്രമത്തിനെതിരെ പാർട്ടി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.