ചെറുവള്ളി ദേവീക്ഷേത്രത്തിൽ വാഹനം എഴുന്നള്ളിപ്പ് ഇന്നുമുതൽ

ചെറുവള്ളി: ദേവീക്ഷേത്രത്തിലെ മീനപ്പൂര ഉത്സവത്തിലെ സവിശേഷ ചടങ്ങായ വാഹനം(ജീവത) എഴുന്നള്ളത്ത് വെള്ളിയാഴ്ച തുടങ്ങും. അലങ്കരിച്ച പല്ലക്കിൽ ദേവീവിഗ്രഹം പ്രതിഷ്ഠിച്ച് ശാന്തിക്കാർ നാലമ്പലത്തിനു ചുറ്റും ദേവിയെ എഴുന്നള്ളിക്കുന്ന ചടങ്ങാണിത്.

ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് കറുത്തമഞ്ഞാടി എന്ന പ്രദേശത്ത് ദേവീചൈതന്യം ആദ്യം കണ്ടെത്തിയെന്നും പിന്നീട് ഇപ്പോഴത്തെ ദേവസ്ഥാനത്തെത്തിയ ദേവിയെ പൂർവികർ കാട്ടുകമ്പുകൾ കൊണ്ട് തയ്യാറാക്കിയ പല്ലക്കിൽ ഇരുത്തി ആനന്ദനൃത്തമാടിയെന്നുമാണ് ഐതിഹ്യം. ഇതിന്റെ പിന്തുടർച്ചയായാണ് വാഹനം എഴുന്നള്ളിപ്പ് നടത്തുന്നത്.

ദേവിയുടെ കണ്ണാടി ബിംബം പ്രതിഷ്ഠിച്ച വാഹനം ചുമലിലേന്തി ക്ഷേത്രത്തിന് വലംവെച്ചോടുന്നത് ശാന്തിക്കാരാണ്. നാമജപത്തോടെയും ആർപ്പുവിളികളോടെയും ഭക്തർ അനുഗമിക്കും. വിവിധ വാദ്യങ്ങൾ മാറിമാറി ഓരോ വലംവെയ്ക്കലിനും ഉപയോഗിക്കും. അഞ്ചു വലത്താണ് എഴുന്നള്ളത്ത്.

വെള്ളിയാഴ്ച രാത്രി 11-നാണ് വാഹനം എഴുന്നള്ളിപ്പ്. തുടർന്നുള്ള മൂന്നുദിവസവും ഇതേസമയത്ത് വാഹനമെഴുന്നള്ളിപ്പ് നടക്കും.