ജനത്തെ വലച്ച് പഞ്ചായത്ത് ഓഫിസിൽ മിന്നൽ പണിമുടക്ക്

ചിറക്കടവ് ∙ ജനത്തെ വലച്ചു ഗ്രാമപഞ്ചായത്ത് ഓഫിസിൽ ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. രാവിലെ 11 മുതൽ ഉച്ചയ്‌ക്ക് ഒരുമണിവരെ പെൻഡൗൺ സമരം നടത്തിയതോടെ വിവിധ ആവശ്യങ്ങൾക്കെത്തിയ നാട്ടുകാർ ദുരിതത്തിലായി.

ഓഫിസിലെ അക്കൗണ്ടന്റിനോടു രണ്ടു പഞ്ചായത്തംഗങ്ങൾ കയർത്തു സംസാരിച്ചതിന്റെ പേരിലായിരുന്നു പണിമുടക്ക്. ഡേറ്റാ എൻട്രി സെക്‌ഷനിലെ താൽക്കാലിക ജീവനക്കാരി ഔദ്യോഗിക പാസ്‌വേഡ് ഉപയോഗിച്ചു കംപ്യൂട്ടർ പ്രവർത്തിപ്പിക്കുന്നതിന് എതിരെയാണു തർക്കം തുടങ്ങിയത്. ഇരുകൂട്ടരും തമ്മിൽ ഏറെനേരം വാഗ്വാദമുണ്ടായി. സംഭവത്തെ തുടർന്നു ജീവനക്കാർ ജോലി നിർത്തിവച്ചു പ്രതിഷേധിച്ചതോടെ ഓഫിസിലെത്തിയ ജനം കാഴ്‌ചക്കാരായി. അക്കൗണ്ടന്റിനെതിരെ പഞ്ചായത്ത് പ്രസിഡന്റ് ഡിഡിപിക്കു പരാതി നൽകി. തുടർന്ന് അവധിയിൽ പ്രവേശിക്കുകയും ചെയ്‌തു.