ജനപക്ഷം ഇനി ജനപക്ഷം സെക്യുലർ

പി.സി. ജോർ‌ജ് എംഎൽഎ നേത‍ൃത്വം നൽകുന്ന കേരള ജനപക്ഷം എന്ന സംഘടന കേരള ജനപക്ഷം സെക്യുലർ എന്ന പേരിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപവൽക്കരിച്ചു. പി.സി. ജോർജിന്റെ മകൻ ഷോൺ ജോർജാണു പുതിയ പാർട്ടിയുടെ ചെയർമാൻ. ജോർജ് പാർട്ടി രക്ഷാധികാരിയാകും. പി.സി. ജോർജ് ചെയർമാനായ ചാരിറ്റബിൾ സൊസൈറ്റിയെന്ന നിലയിലാണ് ഇതുവരെ കേരള ജനപക്ഷം പ്രവർത്തിച്ചു വന്നിരുന്നത്.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാനദണ്ഡ പ്രകാരം പാർട്ടി രൂപീകരണം നടത്തുന്നതിന്റെ ഭാഗമായുള്ള നടപടികൾ ഇന്നലെ ചേർന്ന കേരള ജനപക്ഷം സംസ്ഥാന നേതൃയോഗം അംഗീകരിച്ചു. സ്വതന്ത്ര എംഎൽഎയായതിനാൽ പി.സി. ജോർജിന് ഈ പാർട്ടിയിൽ ചേരാൻ പറ്റില്ലാത്തതിനാലാണ് രക്ഷാധികാരി സ്ഥാനം ഏറ്റെടുത്തത്. ജനപക്ഷം എന്ന പേരിൽ കെ.രാമൻ പിള്ളയ്ക്ക് സംഘടന ഉണ്ടായിരുന്നതിനാൽ സെക്യുലർ എന്ന പേരു ചേർത്തു. ജനപക്ഷത്തിന്റെ നിലവിലുള്ള ജില്ലാ– പ്രാദേശിക കമ്മിറ്റികൾ പിരിച്ചു വിട്ടു. പുതിയ ഭാരവാഹികളെ ജൂണിൽ തിരഞ്ഞെടുക്കും.

പാലാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കാൻ സീറ്റ് എൻഡിഎയോട് ആവശ്യപ്പെടും. പാലാ മണ്ഡലത്തിൽ സ്ഥാനാർഥിയുടെ കാര്യം ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം ചർച്ച ചെയ്യുമെന്നു ജോർജ് പറഞ്ഞു. ഷോൺ ജോർജ് സ്ഥാനാർഥിയാകാനുള്ള സാധ്യത പി.സി.ജോർജ് തള്ളിയില്ല.
തോമാ ശ്ലീഹാ വന്നില്ലെങ്കിൽ ഞാൻ കേശവൻ നായരായേനെ: പി.സി. ജോർജ്

ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളിൽ എൻഡിഎ ജയിക്കുമെന്നും തൃശൂർ, പാലക്കാട്, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ നിർണായക ശക്തിയാകുമെന്നും പി.സി.ജോർജ് എംഎൽഎ. ‘‘ബിജെപിയെ അത്രയങ്ങു മാറ്റി നിർത്തേണ്ട കാര്യമില്ല. തോമാശ്ളീഹ വന്നില്ലായിരുന്നുവെങ്കിൽ എല്ലാവരും ഹിന്ദുക്കൾ തന്നെയാകുമായിരുന്നു. എന്റെ പേര് കേശവൻ നായർ എന്നു വല്ലതും ആയിരുന്നേനെ–’’ പി.സി.ജോർജ് പറഞ്ഞു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് എതിരായ ആരോപണം തെറ്റെന്നു തെളിഞ്ഞതിനാൽ പരാതിക്കാരിയായ സ്ത്രീക്കെതിരെ കേസെടുക്കണമെന്നും ഏതു സ്ത്രീക്കും പുരുഷനെ ജയിലിലാക്കാൻ സാധിക്കുമെന്ന അവസ്ഥയാണെന്നും ജോർജ് പറഞ്ഞു.