ജനറൽ ആശുപത്രിയിൽ ചികിത്സാസൗകര്യം വേണം

കാഞ്ഞിരപ്പള്ളി ∙ പനിബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുമ്പോൾ ജനറൽ ആശുപത്രിയിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുവാൻ അധികൃതർ തയാറാകണമെന്ന ആവശ്യം ശക്തമാകുന്നു. ഇന്നലെ ഉച്ചവരെ 355 ആളുകളാണ് ഒപിയിൽ ചികിത്സ തേടിയെത്തിയത്. ഇതിൽ 270 ആളുകളും പനിബാധിതരായിരുന്നു.

വൈറൽ പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനി സാധ്യതയുള്ളവരും ചികിത്സ തേടിയെത്തിയിട്ടുണ്ട്. ആകെ 142 പേരെ കിടത്തി ചികിത്സിക്കുവാൻ മാത്രമേ ജനറൽ ആശുപത്രിയിൽ സൗകര്യമുള്ളു. മുണ്ടക്കയം, എരുമേലി തുടങ്ങിയ പ്രദേശങ്ങളിലെ സർക്കാർ ആശുപത്രിയിൽ ലബോറട്ടറി സൗകര്യം ഇല്ലാത്തതിനാൽ ജനറൽ ആശുപത്രിയിലേക്കാണ് രോഗികളെ പറഞ്ഞയയ്ക്കുന്നത്. ഇവിടെ ഡോക്ടർമാരുടെ അഭാവം നികത്തി രോഗികൾക്കു ചികിത്സ ലഭ്യമാക്കുവാൻ അതിവേഗം നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.