ജനസാഗരം സാക്ഷിയായി പേട്ടതുള്ളൽഎരുമേലി∙ ആമ്പലപ്പുഴ, ആലങ്ങാട് പേട്ടതുള്ളൽ ജനഹൃദയങ്ങളിൽ ഭക്തി പ്രകർഷം നിറച്ചു.ജന സാഗരം സാക്ഷിയായ പേട്ടതുള്ളലിൽ ശ്രീകൃഷ്ണപ്പരുന്തും വെള്ളിനക്ഷത്രവും ഭഗവത് സാന്നിധ്യത്തിന്റെ അടയാളങ്ങളായി. പേട്ടതുള്ളൽ  മതമൈത്രീ ചരിത്രത്തിൽ വീണ്ടും  ഇടംപിടിച്ചു. രാവിലെ മുതൽ എരുമേലിയിലേയ്ക്ക് ഭക്തരും നാട്ടുകാരും എത്തിക്കൊണ്ടിരുന്നു. ഉച്ചയോടെ നഗരം ജനസാന്ദ്രമായി. അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങൾക്കു നാട് സ്നേഹോഷ്മള വരവേൽപ്പാണു നൽകിയത്.

പേട്ടതുള്ളൽ സംഘത്തെ പി.സി. ജോർജ് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.കൃഷ്ണകുമാർ എന്നിവർ  സ്വീകരിച്ചു. വലിയമ്പലത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു,അംഗം കെ.എസ്.രവി, ഡപ്യൂട്ടി കമ്മിഷണർ കൃഷ്ണകുമാർ വാര്യർ, ചീഫ് എൻജിനീയർ ജി, കൃഷ്ണകുമാർ  എന്നിവർ സ്വീകരിച്ചു.

അമ്പലപ്പുഴ പേട്ട സംഘത്തെ താഴത്തുവീട്ടിൽ കുടുംബം പ്രതിനിധിയായി ടി.എച്ച്. ആസാദ് അനുഗമിച്ചു. അയ്യപ്പസേവാസംഘം നേതൃത്വത്തിൽ  ദേശീയ സെക്രട്ടറി രാജീവ് കോന്നി,പി.പി.ശശിധരൻ, മുരളീധരൻ മുല്ലശേരി,അനിൽ റാന്നി, അനിയൻ എരുമേലി  എന്നിവർ സ്വീകരിച്ചു. ഹൈന്ദവ സംഘടനാ പ്രതിനിധികളായ അനിയൻ എരുമേലി, എസ്. മനോജ്,  വി.സി. അജികുമാർ, കെ.ആർ. സോജി എന്നിവർ സ്വീകരിച്ചു.

ബന്ധം പുതുക്കി സൗഹൃദ സംഗമം 

എരുമേലി∙താഴത്തുവീട്ടിൽ കുടുംബവും അമ്പലപ്പുഴ പേട്ടതുള്ളൽ സംഘവും തമ്മിലുള്ള ബന്ധം പുനരാവർത്തിച്ച് വീണ്ടും സൗഹൃദ സംഗമം നടന്നു. അമ്പലപ്പുഴ സമൂഹ പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായരും താഴത്തു വീട്ടിൽ കുടുംബാംഗങ്ങളുമായി ദീർഘനേര സൗഹൃദ സംഭാഷണമാണു നടന്നത്. താഴത്തുവീട്ടിലെ കാരണവർ ഹസൻ റാവുത്തരായിരുന്നു വർഷങ്ങളായി അമ്പലപ്പുഴ സംഘത്തോടൊപ്പം പേട്ടതുള്ളലിൽ അനുഗമിച്ചിരുന്നത്. ഹസൻറാവുത്തരുടെ മരണത്തോടെ മകൻ ടി.എച്ച്. ആസാദാ ണ് കുടുംബ പ്രതിനിധിയായി പേട്ടതുള്ളൽ സംഘത്തെ അനുഗമിച്ചത്.

ജമാ അത്തിന്റെ പുഷ്പവൃഷ്ടി 

എരുമേലി∙ മതസൗഹാർദത്തിന്റെ സുഗന്ധമാണ് ആ പൂവുകൾ പരത്തിയത്.  അമ്പലപ്പുഴ സംഘം വാവരുസ്വാമിയെ കണ്ടു വണങ്ങാൻ ടൗൺ നൈനാർ മസ്ജിദിലേക്ക് പ്രവേശിച്ചതോടെ ജമാ അത്ത്  നേതൃത്വത്തിൽ പുഷ്പവൃഷ്ടി നടത്തി.പുഷ്പവൃഷ്ടി നടന്നപ്പോൾ ജനം ആഹ്ലാദാരവം മുഴക്കി. ജമാ അത്ത്  ജോയിന്റ് സെക്രട്ടറി ഹക്കിം മാടത്താനിയുടെ നേതൃത്വത്തിലാണ്  അമ്പലപ്പുഴ സംഘത്തെ പൂവിതളുകൾ  വിതറി സ്വീകരിച്ചത്. അമ്പലപ്പുഴ സംഘത്തിന്റെ ആനകളും മസ്ജിദിനു വലംവച്ചു. വാവരു സ്വാമിയോടുള്ള ആദരവിൽ മസ്ജിദിൽ നിന്ന്  സംഘം പുറം തിരിയാതെ  തിരികെ ഇറങ്ങി. ആനകളും അങ്ങനെതന്നെ പിന്നോട്ട് ഇറങ്ങി.  

കുരുക്കഴിച്ച് പൊലീസ്

എരുമേലി∙അടക്കും ചിട്ടയുമുള്ള ക്രമീകരണത്തിലൂടെ പൊലീസ് നാടിന്റെ  പ്രശംസ പിടിച്ചുപറ്റി. എരുമേലി പട്ടണത്തിലൂടെ വാഹനഗതാഗതം നിരോധിച്ചിരുന്നിട്ടും സമാന്തര പാതകൾ ഉപയോഗിക്കാനായത് കുരുക്ക് ഇല്ലാതാക്കി.എരുമേലി പട്ടണത്തിലേക്ക് വാഹനങ്ങൾ അനുവദിക്കാതിരുന്നത് സുഗമമായ പേട്ടതുളളലിന് കളമൊരുക്കി.