ജലവിതരണ പൈപ്പുകൾ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യം

മുണ്ടക്കയം∙ ടൗണിൽ കൂട്ടിക്കൽ റോഡ് ജംക്‌ഷനിലുള്ള ജലവിതരണ പൈപ്പുകൾ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ദേശീയപാതയുടെ നിർമാണം ടൗണിൽ എത്താറായിട്ടുണ്ട്. അതോടൊപ്പം മുണ്ടക്കയം ഇളംകാട് റോഡിന്റെ നിർമാണവും പുരോഗമിക്കുമ്പോൾ നിർമാണത്തിനു ശേഷം പൈപ്പ് പൊട്ടിയാൽ റോഡ് തകരുമെന്നാണ് ആക്ഷേപം. ടൗണിലെ കൂട്ടിക്കൽ റോഡ് തകർച്ചയ്ക്കു പ്രധാന കാരണം ജലവിതരണ വകുപ്പിന്റെ കുഴലുകൾ പൊട്ടുന്നതാണ്.

റോഡിനടിയിലൂടെ കടന്നു പോകുന്ന പഴക്കം ചെന്ന പൈപ്പുകൾ പൊട്ടുകയും വെള്ളം ടാറിങ്ങിന് ഇടയിലൂടെ ഉയർന്നു കുഴി രൂപപ്പെടുന്നുമുണ്ട്. തിരക്കേറിയ ജംക്‌ഷനിൽ കൂട്ടിക്കൽ റോഡിലേക്കു കയറുന്ന ഭാഗത്തും എതിർവശത്തുമാണു റോഡ് സ്ഥിരമായി തകരുന്നത്. പഴയ പൈപ്പുകൾക്കു പകരം പുതിയവ സ്ഥാപിച്ചാൽ ഈ പ്രശ്നത്തിനു പരിഹാരമാകും.

എന്നാൽ അറ്റകുറ്റപണികൾ മാത്രമാണു ജലവിതരണവകുപ്പ് നടത്തി വരുന്നത്. 2 റോഡുകളുടെയും ടാറിങ് പൂർത്തിയാകുമ്പോൾ പൈപ്പ് വീണ്ടും പൊട്ടാനും അറ്റകുറ്റപണികൾക്കായി വാട്ടർ അതോറിറ്റി റോഡ് കുഴിക്കേണ്ടി വരുന്ന സാഹചര്യവുമാണു നിലനിൽക്കുന്നത്.