ജലസമൃദ്ധിയിൽ നരിപ്പാറമട കുളം

ഇളങ്ങുളം ∙ ‘4000 ലീറ്റർ വെള്ളം വീട്ടിലെത്തിക്കാൻ ഞങ്ങൾക്ക് 100 രൂപയിൽ താഴയേ ചെലവ് വരുന്നുള്ളൂ. എലിക്കുളം പഞ്ചായത്തിലെ 12-ാം വാർഡിനു വേണ്ട മുഴുവൻ വെള്ളവും ഈ പാറമടക്കുളത്തിൽ നിന്നു ലഭിക്കും. ഇപ്പോൾ തന്നെ ഒരു പത്താൾ താഴ്ചയിൽ വെള്ളമുണ്ട്’ വേനൽ കടുത്തതോടെ ശുദ്ധജലക്ഷാമം ഏറെയുള്ള ഇളങ്ങുളം ഏഴിയകുന്ന് പാലം ഭാഗത്തു താമസിക്കുന്നവരാണ് ഇതു പറയുന്നത്. മുക്കാൽ ഏക്കർ സ്ഥലത്ത് ‘ന’ ആകൃതിയിൽ കിടക്കുന്ന നരിപ്പാറമട കുളം നിറയെ വെള്ളമാണ്. കൊടിയ വേനലിൽ ജലനിരപ്പ് സ്വൽപം താഴുമെന്നതൊഴിച്ചാൽ പാറമടക്കുളം ജലസമൃദ്ധിയിലാണ്.

വർഷങ്ങൾക്കു മുൻപ് തമിഴ്‌നാട് സ്വദേശി നടത്തിയിരുന്ന പാറമട തൊഴിൽപ്രശ്നവും മടയ്ക്കുള്ളിലെ നിലയ്ക്കാത്ത ഉറവ പ്രശ്നത്തെയും തുടർന്ന് ഉപേക്ഷിച്ചു പോകുകയായിരുന്നു. പാറമടയിൽ പ്രവർത്തനങ്ങൾ ഒന്നും നടക്കാതെ വന്നതോടെ കാലാന്തരത്തിൽ കുളമായി പരിണമിച്ചു. മഴക്കാലത്തു വെള്ളം നിറയുമ്പോൾ കൈത്തോടുവഴി പുറത്തേക്ക് ഒഴുകും. വേനൽ ആകുന്നതോടെ ഒഴുക്കു നിലയ്ക്കുമെങ്കിലും കുളം ജലസമൃദ്ധിയിൽ തന്നെയാണ്. നിലവിൽ പാറമട, മേഖലയിലെ സ്വകാര്യ വ്യക്തികളുടെയാണെന്നും അതല്ല, തമിഴ്നാട്ടുകാരൻ പാറമട വാങ്ങിയതാണെന്നും അയാൾ ഉപേക്ഷിച്ചു പോയതിനാൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലാണെന്നുമുള്ള തർക്കം നിലനിൽക്കുന്നുണ്ട്.

12 പമ്പുകൾ

12 പമ്പുകൾ ശുദ്ധജലത്തിനും കൃഷി ആവശ്യത്തിനുമായി ദിവസവും പ്രവർത്തിക്കുന്നു. കുളത്തിൽനിന്നു നീളമുള്ള ഹോസുകൾ സ്ഥാപിച്ച് ദൂരെയുള്ള കിണറുകളിൽ നിറച്ചശേഷം വീട്ടുകാർ പമ്പു ചെയ്തു ശുദ്ധീകരിച്ചെടുക്കുകയാണ്. ടാങ്കർ ലോറികൾ പോലും എത്താതിരിക്കുന്ന 28 കുടുംബങ്ങൾക്കു കുളത്തിലെ വെള്ളമെത്തിക്കുന്നത് ഇത്തരത്തിലാണ്.

വൈദ്യുതി ചാർജ് മാത്രം ചെലവുവരുന്ന പദ്ധതിയിലൂടെ 4000 ലീറ്റർ വെള്ളത്തിനു 100 രൂപയിൽ താഴെ മാത്രമെ ചെലവു വരുന്നുള്ളൂ. വൈദ്യുതി ഉപയോഗിച്ച് ഇത്തരത്തിൽ വെള്ളമെടുക്കുന്നതു നിയമവിരുദ്ധമാണെന്ന് അറിയിച്ച് കെഎസ്ഇബി ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ഇവിടെ എത്തിയിരുന്നു. കടുത്ത വേനലിൽ ശുദ്ധജലക്ഷാമം രൂക്ഷമാകുമ്പോൾ മാത്രം ഇത്തരത്തിൽ വെള്ളം ശേഖരിക്കുന്നതിനു നിയമപ്രശ്നം ചൂണ്ടിക്കാട്ടി കെഎസ്ഇബി അധികൃതർ എത്തിയത് പ്രദേശവാസികളിൽ അമ്പരപ്പുളവാക്കിയിരിക്കുകയാണ്.